International
വാഷിംഗ്ടൺ ഡിസി: യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ച ഫലം കാണാത്ത പശ്ചാത്തലത്തിൽ ഇറാനുമേൽ സമ്മർദം വർധിപ്പിക്കുമെന്ന സൂചനയുമായി അമേരിക്കൻ നേതൃത്വം. ഇറാനെതിരായ നാവിക ഉപരോധം അനന്തകാലം തുടരാനാകുമെന്നും സാന്പത്തിക ഉപരോധം ശക്തിപ്പെടുത്തുമെന്നും അമേരിക്കൻ നേതാക്കൾ വ്യക്തമാക്കി.
ഇറാനെതിരായ നാവിക ഉപരോധം അനന്തകാലം തുടരാനുള്ള ശേഷി അമേരിക്കയ്ക്കുണ്ടെന്നു യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. പശ്ചിമേഷ്യയിൽ ദീർഘകാലം നാവികസാന്നിധ്യം നിലനിർത്താൻ അമേരിക്കൻ സേനയ്ക്കു കഴിയും.
ഇറാന്റെ സന്പദ്വ്യവസ്ഥയ്ക്കു കടുത്ത ആഘാതമേൽപ്പിക്കുന്ന തീരുമാനങ്ങൾ ഉടൻ പ്രതീക്ഷിക്കാമെന്നു ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റും അറിയിച്ചു. അടുത്തയാഴ്ച കൂടുതൽ പ്രഖ്യാപനങ്ങളുണ്ടാകും. സാന്പത്തിക ഉപരോധത്തിന്റെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത നടപടികളാണു വരാൻപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അമേരിക്കയോടു വിട്ടുവീഴ്ചയില്ലെന്നാണ് ഇറാന്റെ നിലപാട്. സുപ്രധാന എണ്ണക്കടത്തു പാതയിൽ സ്ഥിതി ചെയ്യുന്ന ഹോർമുസ് കടലിടുക്ക് തുറക്കണമെങ്കിൽ അമേരിക്ക തങ്ങളുടെ ഉപാധികൾ അംഗീകരിക്കണമെന്ന് ഇറാൻ ആവശ്യപ്പെടുന്നു.
വ്യാഴാഴ്ച വൈകുന്നേരം ഹോർമുസിലൂടെ പോയ രണ്ടു കപ്പലുകളെ ഇറാൻ ആക്രമിച്ചു. യുഎഇ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള അബുദാബി നാഷണൽ ഓയിൽ കന്പനിയുടെ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.
ഇതിനിടെ, അമേരിക്കക്കാർക്ക് ഒട്ടും താത്പര്യമില്ലാത്ത യുദ്ധം അവസാനിപ്പിക്കൻ പ്രസിഡന്റ് ട്രംപിനുമേൽ സമ്മർദം ശക്തമാണെന്നും സൂചനയുണ്ട്. ഇറാൻ യുദ്ധം മൂലം ഇന്ധനവില വർധിച്ചത് ട്രംപിന്റെ ജനപ്രീതി ഇടിച്ചു. നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി വലിയ തിരിച്ചടി നേരിടാനും സാധ്യതയുണ്ട്.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ ്ട്രംപ് കഴിഞ്ഞമാസം തുർക്കിയിലെ നാറ്റോ ഉച്ചകോടി കഴിഞ്ഞു മടങ്ങവേ രഹസ്യമായി വിമാനം മാറാൻ കാരണം ഇസ്രയേൽ നല്കിയ ഇന്റലിജൻസ് മുന്നറിയിപ്പ്. എന്നാൽ ഇസ്രേലി മുന്നറിയിപ്പിന് സാധുത ഇല്ലെന്നാണ് അമേരിക്കൻ ചാരസംഘടനകൾ വിലയിരുത്തിയത്. എന്നിരുന്നാലും മുൻകരുതലെന്ന നിലയിലാണ് ട്രംപിനെ എയർഫോഴ്സ് വൺ വിമാനത്തിൽനിന്ന് ചെറിയ സൈനിക വിമാനത്തിലേക്കു മാറ്റിയതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
ട്രംപിന്റെ എയർഫോഴ്സ് വൺ വിമാനത്തിനു നേർക്ക് ഇറാൻ മിസൈൽ പ്രയോഗിച്ചേക്കാം എന്നായിരുന്നു ഇസ്രിേലി ഇന്റലിജൻസ് മുന്നറിയിപ്പ്. ഇസ്രേലി സർക്കാർ ഇക്കാര്യം അമേരിക്കൻ ചാരസംഘടനയായ സിഐഎയെയാണ് അറിയിച്ചത്. എന്നാൽ ഇസ്രേലി മുന്നറിയിപ്പിൽ കാര്യമില്ലെന്ന നിഗമനത്തിലാണ് സിഐഎ എത്തിയത്.
തുർക്കിയിലെ ചാരസംഘടനകളും ഭീഷണിയെക്കുറിച്ച് അന്വേഷിച്ചു. ട്രംപിനെ വധിക്കാനുള്ള പദ്ധതികൾ ഇന്നലെന്ന നിഗമനത്തിലാണ് അവരും എത്തിയത്.
എന്നാൽ മുന്‍പ് വധശ്രമങ്ങൾ നേരിട്ടിട്ടുള്ള ട്രംപിന്റെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ തീരുമാനത്തിലാണ് അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥർ അവസാനമെത്തിയത്. പ്രസിഡന്റിന്റെ സുരക്ഷാ ചുമതലയുള്ള സീക്രട്ട് സർവീസ് ഏജൻസിയാണ് വിമാനം മാറാനുള്ള പദ്ധതി തയാറാക്കിയതും നടപ്പാക്കിയതും.
ട്രംപ് കാറ്ററിംഗ് ട്രക്കിൽ രഹസ്യമായി പുറത്തു കടന്ന് സൈനിക വിമാനത്തിൽ കയറിയെങ്കിലും യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്റ് എന്നിവർ എയർഫോഴ്സ് വണ്ണിൽ തുടർന്നു. ട്രംപ് വിമാനം മാറിയതിനെക്കുറിച്ച് റൂബിയോയ്ക്ക് അറിവുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്വി ഇന്നലെ ഇറേനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി കൂടിക്കാഴ്ച നടത്തി.
ടെഹ്റാനിലായിരുന്നു ഇരുവരും ചർച്ച നടത്തിയത്. നഖ്വി-അരാഗ്ചി കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ പുറത്തുവിട്ടു.
യുഎസ്-ഇറാൻ വെടിനിർത്തലിനു മധ്യസ്ഥത വഹിക്കുന്ന രാജ്യമാണ് പാക്കിസ്ഥാൻ.
International
റിയാദ്: സൗദിയിലെ ജസാൻ എണ്ണശുദ്ധീകരണശാല ആക്രമിച്ചതായി ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതികൾ അറിയിച്ചു. സൗദി അറേബ്യ പാക്കിസ്ഥാനുമായും തുർക്കിയുമായും പ്രതിരോധ സഹകരണ കരാർ ഉണ്ടാക്കി രണ്ടു ദിവസത്തിനുള്ളിലാണ് ഈ ആക്രമണം.
ജസാൻ റിഫൈനറിയിലുണ്ടായ തീപിടിത്തം അണച്ചതായി സൗദി ഊർജമന്ത്രാലയം അറിയിച്ചു. അതേസമയം, തീപിടിത്തം ഉണ്ടാകാനുള്ള കാരണത്തെക്കുറിച്ച് മന്ത്രാലയം പരാമർശിച്ചില്ല.
സൗദി സർക്കാരിന്റെ അരാംകോ കന്പനിക്കു കീഴിലുള്ള ജസാൻ റിഫൈനറി ഓരോ ദിവസവും നാലു ലക്ഷം വീപ്പ ക്രൂഡ് കൈകാര്യം ചെയ്യുന്നുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങളിലൊന്നാണ് അരാംകോ. ഡ്രോൺ ഉപയോഗിച്ചാണ് റിഫൈനറി ആക്രമിച്ചതെന്ന് ഹൂതി വക്താവ് അറിയിച്ചു.
ഷിയാ വിശ്വാസം പിന്തുടരുന്ന ഇറാൻ, അമേരിക്കൻ ആക്രമണത്തിനു മറുപടിയായി സുന്നി വിശ്വാസത്തിന്റെ കേന്ദമായ സൗദിയിലേക്കും ഇതര ഗൾഫ് രാജ്യങ്ങളിലേക്കും മിസൈലുകളും ഡ്രോണുകളും തൊടുത്താണ് തിരിച്ചടിക്കാറ്. ഷിയാ വിശ്വാസികളായ ഹൂതികൾ ഇറാനു പിന്തുണയുമായി സൗദിക്ക് നാവിക ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. സൗദിയിലെ എണ്ണയുത്പാദന കേന്ദ്രങ്ങളിൽ ഹൂതികൾ ആക്രമണം നടത്താറുണ്ട്.
ഈ പശ്ചാത്തലത്തിലാണ് സൗദി അറേബ്യ പാക്കിസ്ഥാനുമായും തുർക്കിയുമായും വെള്ളിയാഴ്ച സംയുക്ത പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവച്ചത്. ഒരു രാജ്യം ആക്രമിക്കപ്പെട്ടാൽ സംയുക്തമായി പ്രതിരോധിക്കണമെന്നാണ് കരാറിലെ വ്യവസ്ഥ. ഇതുമൂലം ‘സുന്നി നാറ്റോ കരാർ’ എന്നും ഇതിനെ വിളിക്കുന്നുണ.
കരാറിനെ ഇറാൻ വിമർശിച്ചിരുന്നു. കരാർ പ്രകാരം പാക്കിസ്ഥാനും തുർക്കിയും സൗദിയുടെ സംരക്ഷണത്തിനെത്തി ഹൂതികളെ നേരിടുമോ എന്നാണ് ഇനിയറിയേണ്ടത്. പശ്ചിമേഷ്യാ സംഘർഷം വിപുലമാക്കുന്ന നടപടിയായിരിക്കുമത്.
International
ബെയ്റൂട്ട്: തെക്കൻ ലബനനിലുണ്ടായ സ്ഫോടനത്തിൽ രണ്ട് ഇസ്രേലി ഭടന്മാർ കൊല്ലപ്പെടുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച സുരക്ഷാ പരിശോധനയ്ക്കായി സൈനികർ ഒരു കെട്ടിടത്തിൽ പ്രവേശിച്ചപ്പോഴാണ് സ്ഫോടനമുണ്ടായത്.
ജൂൺ അവസാനം ഇസ്രേലി സേനയും ലബനനിലെ ഹിസ്ബുള്ള ഭീകരരും തമ്മിൽ വെടിനിർത്തലുണ്ടായശേഷം ഇസ്രേലി ഭടന്മാർ കൊല്ലപ്പെടുന്ന ആദ്യ സംഭവമാണിത്.
ഇസ്രേലി സേന ബുധനാഴ്ച തെക്കൻ ലനനിലെ ടെബ്നിൻ പട്ടണത്തിൽ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 12 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ലബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ജൂണിലെ വെടിനിർത്തൽ ധാരണകൾ നടപ്പാക്കുന്നതു സംബന്ധിച്ച് ഇസ്രയേലും ലബനനും റോമിൽ ചർച്ച നടത്തുന്നതിനിടെയാണ് സംഘർഷം വർധിച്ചത്.
വെടിനിർത്തിയെങ്കിലും ഇസ്രേലി സേന തെക്കൻ ലബനനിൽ തുടരുകയാണ്. ഇസ്രയേലിനും ലബനനും ഇടയിൽ ഇസ്രേലി സേന സുരക്ഷിത ബഫർസോൺ പ്രഖ്യാപിച്ചിട്ടുണ്ട്.
International
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് യുഎസും ഇറാനും ഉടൻ കരാറിലെത്തിയേക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. ഇത് എണ്ണവിലയിൽ വലിയ സ്ഥിരത ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാനുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഇന്നു നാളെയോടുകൂടി കരാറിൽ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബെസെന്റ് പറഞ്ഞു. ഹോർമുസ് കടലിടുക്കിൽ അകത്തേക്കുള്ള പാതയിൽ ഇറാന് സമ്പൂർണ നിയന്ത്രണവും പുറത്തേക്കുള്ള പാതയിൽ ഒമാന്‍ ഭാഗിക നിയന്ത്രണവും നൽകുന്ന ധാരണയ്ക്കായി ഇറാൻ-ഒമാൻ ചർച്ചകൾ തുടരുകയാണ്.
ഒമാനുമായി ധാരണയായാൽ കടലിടുക്ക് തുറക്കാമെന്ന നിലപാടിലാണ് ഇറാൻ. എന്നാൽ ഹോർമുസിനുമേൽ തുല്യനിയന്ത്രണം മുന്നോട്ടുവെക്കുന്ന ഒമാൻ പദ്ധതി നേരത്തെ ഇറാൻ തള്ളിയിരുന്നു. പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങൾക്കായി ഖത്തറും പാക്കിസ്ഥാനും വീണ്ടും രംഗത്തിറങ്ങിയിട്ടുണ്ട്. ചർച്ചകൾക്കായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചിയെ പാക്കിസ്ഥാൻ ഇസ്ലാമാബാദിലേക്ക് ക്ഷണിച്ചു.
രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കപ്പെടണമെന്നും എന്നാൽ യുദ്ധം വ്യാപകമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ വ്യക്തമാക്കി. അതേസമയം ഇടവേളയ്ക്ക് ശേഷം വീണ്ടും ഇറാനിൽ ആക്രമണം ശക്തമാക്കി യുഎസ്. ജോർദാനിലെ അമേരിക്കൻ താവളത്തെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിനുള്ള മറുപടിയായാണ് യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയത്.
ദിവസങ്ങൾക്ക് മുൻപ് ചർച്ചകൾക്ക് കളമൊരുക്കാൻ യുഎസ് പ്രസിഡന്റ് ഇടപെട്ട് ആക്രമണം നിർത്തിയതിനു ശേഷം അമേരിക്ക നടത്തുന്ന ശക്തമായ ആക്രമണമായിരുന്നു ഇന്നുണ്ടായത്. യുഎസ് സേനയ്ക്കെതിരെ ഇറാൻ നടത്തിയ ആക്രമണ ശ്രമങ്ങൾക്കുള്ള ശക്തമായ പ്രതികരണം എന്നാണ് ആക്രമണത്തെ യുഎസ് സെൻട്രൽ കമാൻഡ് വിശേഷിപ്പിച്ചത്.
International
വാഷിംഗ്ടണ്‍ ഡിസി:ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിന് ഇറാനുമായി കരാര്‍ ഉണ്ടാക്കാന്‍ സാധിച്ചേക്കുമെന്ന് അമേരിക്കന്‍ നേതൃത്വം പറഞ്ഞത് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഇടിയാന്‍ സഹായിച്ചു.
സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്റ് എന്നിവരാണ് ഇറാനുമായുള്ള ചര്‍ച്ചയില്‍ പുരോഗതി ഉണ്ടെന്നു പറഞ്ഞത്. ഇതേത്തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില അഞ്ചു ശതമാനം ഇടിഞ്ഞ് വീപ്പയ്ക്ക് 80 ഡോളറിനു താഴെയായി.
ഗള്‍ഫില്‍നിന്ന് ലോകവിപണിയിലേക്ക് എണ്ണയെത്തുന്ന ഹോര്‍മുസിലൂടെ ഈ ആഴ്ചതന്നെ കപ്പല്‍ഗതാഗതം പുനസ്ഥാപിച്ചേക്കുമെന്നാണ് ഇരുവരും സൂചിപ്പിച്ചത്.
ഇറാനുമായുള്ള ധാരണ അന്തിമ ഘട്ടത്തിലായില്ല എങ്കിലും ഉടന്‍ ഉണ്ടായേക്കുമെന്നാണ് റൂബിയോ പറഞ്ഞത്. ഹോര്‍മുസ് തുറക്കാനുള്ള കരാര്‍ ബുധനാഴ്ചയ്ക്കുള്ളിലുണ്ടായേക്കുമൈന്ന് സ്കോട്ട് ബസന്റും പ്രതീക്ഷ പ്രകടിപ്പിച്ചു.
International
ഗാസ സിറ്റി:രണ്ടു വര്‍ഷം മുന്‍പ് ഗാസയിലുണ്ടായ ഇസ്രേലി ആക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ടു കുടുംബങ്ങളിലെ 112 അംഗങ്ങളുടെ മൃതസംസ്കാരം ഇന്നലെ ഒരുമിച്ചു നടത്തി. ഒരേ ഗോത്രത്തില്‍പ്പെട്ട അബു ഷരിയ, ഹസ്സയ്നാ കുടുംബങ്ങളില്‍പ്പെട്ട ഇവരില്‍ 40 കുട്ടികളും 38 സ്ത്രീകളും ഭിന്നശേഷിക്കാരായ ഏഴു പേരും ഉള്‍പ്പെടുന്നു.
2023 നവംബര്‍ 22ന് ഗാസ സിറ്റിയിലെ സാബ്ര പ്രാന്തത്തിലുണ്ടായ ആക്രമണത്തിലാണ് ഇത്രയും പേര് ഒരുമിച്ചു മരിച്ചത്. അടുത്ത ദിവസങ്ങളില്‍ കെട്ടാവശിഷ്ടങ്ങള്‍ക്കടിയില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
International
ന്യൂയോര്‍ക്ക്: ഇറാനെതിരായ അഞ്ചു മാസത്തെ യുദ്ധത്തില്‍ അമേരിക്കന്‍ സേനയുടെ ദീര്‍ഘദൂര മിസൈല്‍ ശേഖരത്തില്‍ വന്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട്.
അറ്റാകാംസ് (ആര്‍മി ടാക്റ്റിക്കല്‍ മിസൈല്‍ സിസ്റ്റം), പ്രിസം (പ്രിസിഷന്‍ സ്ട്രൈക്ക് മിസൈല്‍) എന്നീ ഇനത്തില്‍പ്പെട്ട മിസൈലുകള്‍ ഏതാണ്ട് പൂര്‍ണമായി ഇറാനെതിരേ പ്രയോഗിച്ചു തീര്‍ത്തതായി ഇതുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങള്‍ വെളിപ്പെടുത്തിയെന്ന് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സുരക്ഷിതമായ അകലത്തില്‍നിന്ന് ശത്രുവിനെ ആക്രമിക്കാന്‍ സഹായിക്കുന്ന ഈ ആയുധങ്ങളുടെ അഭാവം അമേരിക്കന്‍ സേനയുടെ ശേഷിയെ ഗുരുതരമായി ബാധിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
ഭൂതലത്തില്‍നിന്ന് ഭൂതലത്തിലേക്കു പ്രയോഗിക്കുന്ന ഇനത്തില്‍പ്പെട്ട ഈ രണ്ടു മിസൈലുകളും കൃത്യതയ്ക്കു പേരുകേട്ടതാണ്. റഷ്യന്‍ അധിനിവേശം നേരിടുന്ന യുക്രെയ്ന് അമേരിക്ക അറ്റാകാംസ് നല്‍കിയിരുന്നു. ഈ മിസൈലുകള്‍ ഉപയോഗിച്ച് യുക്രെയ്ന് നടത്തിയ ആക്രമണങ്ങള്‍ റഷ്യക്കു കടുത്ത പ്രസന്ധിയായിരുന്നു.
ഭാവിയില്‍ അറ്റാകാംസിനു പകരമുപയോഗിക്കാന്‍ വികസിപ്പിച്ചതാണ് പ്രിസം. ഇരു വിഭാഗം മിസൈലുകള്‍ക്കും ഓരോന്നിന് പത്തു ലക്ഷം ഡോളര്‍ വിലവരും.
പ്രസിഡന്റ് ട്രംപ് ഏപ്രില്‍ 28നാണ് ഇറാനെതിരേ യുദ്ധമാരംഭിച്ചത്. അമേരിക്കയ്ക്കൊപ്പം ഇസ്രേലി സേനയുമുണ്ടായിരുന്നു. അഞ്ചു മാസം പിന്നിട്ട യുദ്ധത്തില്‍ ഇറാന് കീഴടങ്ങാന്‍ തയാറാകാത്തത് ട്രംപിനു വലിയ തലവേദനയാണ്.
അമേരിക്കന്‍ ആക്രമണത്തിനു പകരമായി ഗള്‍ഫ് രാജ്യങ്ങളിലേക്ക്് മിസൈലുകളും ഡ്രോണുകളും തൊടുക്കുന്നതാണ് ഇറാന്റെ സൈനികതന്ത്രം. അമേരിക്കന്‍ നിര്‍മിത വ്യോമപ്രതിരോധ സംവിധാനങ്ങളാണ് ഇറേനിയന്‍ ആക്രമണത്തെ ചെറുക്കുന്നത്.
അമേരിക്കയുടെ പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനത്തില്‍ ഉപയോഗിക്കുന്ന മിസൈലുകളും കുറഞ്ഞുവരുന്നതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതുമൂലം ഇറാനെതിരായ ആക്രമണം ചില ഘട്ടങ്ങളില്‍ ട്രംപിന് ഉപേക്ഷിക്കേണ്ടിവന്നത്രേ.
International
വാഷിംഗ്ടൺ: പുതിയൊരു ആണവ കരാറിൽ ഒപ്പുവയ്ക്കാൻ തയാറായില്ലെങ്കിൽ ഇറാൻ പൂർണമായി കീഴടങ്ങേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിന്റെ കടുത്ത നാവിക ഉപരോധത്തെത്തുടർന്ന് ഇറാനിലേക്ക് ഇപ്പോൾ അവശ്യസാധനങ്ങളൊന്നും എത്തുന്നില്ല.നിലവിലെ സാഹചര്യത്തിൽ അവർക്കു മുന്നിൽ മറ്റു വഴികളൊന്നുമില്ലെന്നും ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ ട്രംപ് വ്യക്തമാക്കി.
അമേരിക്ക വിചാരിച്ചാൽ മാത്രമേ ഇനി ഇറാനിലേക്ക് എന്തെങ്കിലും എത്തൂ. ഒരു കരാറിലെത്തുകയോ പൂർണമായി കീഴടങ്ങുകയോ ചെയ്യാതെ യാതൊന്നും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാൻ ഒരിക്കലും ഒരു ആണവായുധ രാജ്യം ആകാൻ അമേരിക്ക അനുവദിക്കില്ല.അവരുടെ പക്കൽ ഒരിക്കലും ആണവായുധം ഉണ്ടാകില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാൻ നേതാക്കൾ യുഎസുമായി രഹസ്യ ചർച്ചകൾക്ക് താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ പുറംലോകത്തോട് ഒമാനുമായി മാത്രമാണ് ചർച്ചകൾ നടത്തുന്നതെന്ന് പറഞ്ഞ് അവർ ഇത് പരസ്യമായി നിഷേധിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം നിലവിൽ അമേരിക്കയുടെ കൈകളിലാണെന്നും അവകാശപ്പെട്ട അദ്ദേഹം ഇറാൻ ഭരണകൂടം വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും കുറ്റപ്പെടുത്തി.
NRI
കുവൈറ്റ് സിറ്റി: കുവൈത്ത് വ്യോമാതിർത്തിയിൽ കടന്ന ഇറാൻ ഡ്രോണുകളെ കുവൈറ്റ് സായുധ സേന തകർത്തതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബി അറിയിച്ചു.
കുവൈറ്റിന്റെ വടക്കൻ ഭാഗത്തെ ഒരു സർക്കാർ സ്ഥാപനവും ബുബിയാൻ ദ്വീപിലെ ഒരു സ്വകാര്യ കമ്പനിയുടെ വാഹനങ്ങളും ആക്രമിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
ഡ്രോണുകളുടെ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് വസ്തുനാശമുണ്ടായെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
International
കയ്റോ: പരസ്പരം രൂക്ഷ ആക്രമണവുമായി യുഎസും ഇറാനും. ജോർദാനിലെ തങ്ങളുടെ താവളത്തിലേക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിനു തിരിച്ചടിയായി യുഎസ് സേന ഇറാനിലുടനീളം കനത്ത വോമ്യാക്രമണം നടത്തി.
കഴിഞ്ഞയാഴ്ച ബോംബാക്രമണം താത്കാലികമായി നിർത്തിവച്ചതിനുശേഷമുള്ള ആദ്യ അമേരിക്കൻ ആക്രമണമാണിത്.
കുവൈറ്റിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തിൽ നേപ്പാൾ സ്വദേശി കൊല്ലപ്പെട്ടു. ചൈനീസ് സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിനു കാര്യമായ നാശനഷ്ടമുണ്ടായി.
ജോർദാനിലേക്ക് ഇന്നലെയും ഇറാൻ മിസൈൽ വർഷം നടത്തി. അഞ്ചു മിസൈലുകൾ തകർത്തെന്ന് ജോർദാൻ അറിയിച്ചു. ജോർദാനു നേർക്കുള്ള ആക്രമണത്തിൽ യുഎസ് സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ അവകാശപ്പെട്ടു.
ഇറാനിൽ കനത്ത ആക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. റവലൂഷണറി ഗാർഡ് കേന്ദ്രങ്ങൾ, ഡ്രോൺ, മിസൈൽ സംവിധാനങ്ങൾ, തീരനിരീക്ഷണ സംവിധാനം എന്നിവയാണ് ആക്രമിക്കപ്പെട്ടത്.
ഖെഷം ദ്വീപിലെ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. ദന്പതികളും രണ്ടു വയസുള്ള കുട്ടിയുമാണു മരിച്ചത്. ബുധനാഴ്ച ഈജിപ്ഷ്യൻ തുറമുഖമായ ഡമിയേറ്റയിൽ ഡ്രോൺ ആക്രമണത്തിൽ രണ്ടു പ്രകൃതിവാതക കപ്പലുകൾക്കു തീപിടിച്ചതായി ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി സ്ഥാപനമായ ആംബ്രേ അറിയിച്ചു.
യുഎസ് ഉടമസ്ഥതയിലുള്ള ഫ്ലോട്ടിംഗ് സംഭരണ സംവിധാനവും ഗ്രീക്ക് ഉടമസ്ഥതയിലുള്ള ടാങ്കറുമാണ് ആക്രമിക്കപ്പെട്ടത്. അതേസമയം, ആക്രമണത്തിനു പിന്നിൽ ആരാണെന്നു വ്യക്തമല്ല.
അമേരിക്കയുടെ ഉറ്റ സുഹൃത്തായ ഈജിപ്റ്റ് യുഎസ്-ഇറാൻ സമാധാന ചർച്ചയ്ക്കു മധ്യസ്ഥത വഹിക്കുന്ന രാജ്യമാണ്. ഈജിപ്റ്റിൽ ഇതുവരെ നേരിട്ടുള്ള ആക്രമണം ഉണ്ടായിട്ടില്ല. ഇറാനോ കൂട്ടാളികളോ ആണ് ഈജിപ്റ്റിൽ ആക്രമണം നടത്തിയതെങ്കിൽ മേഖലയിൽ സംഘർഷം വ്യാപിച്ചേക്കുമെന്നാണു റിപ്പോർട്ട്.
ബുധനാഴ്ച യുഎസ്-സൗദി സംയുക്ത ആക്രമണത്തിൽ ഇറാക്കിൽ 20 ഇറാൻപക്ഷ സായുധ സംഘാംഗങ്ങളും ആറ് ഇറേനിയൻ ഉപദേഷ്ടാക്കളും കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് യുഎസ്-ഇറാൻ സംഘർഷം കനത്തത്.
International
ദുബായ്: അമേരിക്കയുമായി യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന ഇറാന് ചൈന അത്യാധുനിക വ്യോമപ്രതിരോധ മിസൈലുകൾ നല്കാൻ പോകുന്നതായി റിപ്പോർട്ട്. തോളിൽ ചുമക്കാവുന്ന ഹ്രസ്വദൂര വ്യോമപ്രതിരോധ മിസൈലുകളുടെയും അവയുടെ വിക്ഷേപിണികളുടെയും 300 മുതൽ 400 വരെ യൂണിറ്റുകളാണ് ഇറാനു ലഭിക്കാൻ പോകുന്നത്.
ഇതിനായി ആറു മുതൽ ഏഴു വരെ കോടി ഡോളറിന്റെ കരാർ ഇറാനും ചൈനയും തമ്മിലുണ്ടാക്കി. ഹോങ്കോംഗിലെ ഷോംഗ്ക്വിംഗ് ബാവോഷാംഗ് ഇന്റർനാഷണൽ ഇൻവെസ്റ്റ്മെന്റ് എന്ന സ്ഥാപനമാണ് ഇറാനും ചൈനയ്ക്കും ഇടനിലക്കാരായി പ്രവർത്തിക്കുന്നത്.
ക്യുഡബ്ല്യു-12, എഫ്എൻ-16 എന്നയിനം മിസൈലുകളാണ് ഇറാൻ വാങ്ങുനത്. അനായാസം എടുത്തുമാറ്റാൻ കഴിയുന്ന ഈ മിസൈൽ സംവിധാനങ്ങൾ നശിപ്പിക്കുക ശത്രുവിന് എളുപ്പമല്ല. യുഎസ് ആക്രമണത്തിൽ നശിച്ച വ്യോമപ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്താനാണ് ഇറാന്റെ നീക്കം.
റിപ്പോർട്ട് സ്ഥിരീകരിക്കാൻ ചൈന തയാറായില്ല. റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്നും സംഘർഷം അവസാനിപ്പിക്കാനാണു ചൈന ശ്രമിക്കുന്നതെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം പറഞ്ഞു.
ആഴ്ചകൾക്കുള്ളിൽ ഇറാനു മിസൈലുകൾ ലഭിച്ചുതുടങ്ങുമെന്നാണു റിപ്പോർട്ടെങ്കിലും ഇക്കാര്യത്തിൽ വ്യത്യാസമുണ്ടായേക്കാം. പാക്കിസ്ഥാൻ വഴിയാണ് ഇറാനിൽ മിസൈലുകൾ എത്തിക്കുകയെന്നും പറയുന്നു. റിപ്പോർട്ട് വ്യാജമാണെന്നു പാക് മിലിട്ടറി പബ്ലിക് റിലേഷൻസ് വകുപ്പായ ഐഎസ്പിആർ പറഞ്ഞു.
International
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ സ്വതന്ത്രവും സുഗമവുമായ കപ്പൽ ഗതാഗതം ഉറപ്പുവരുത്താൻ പ്രാദേശികതലത്തിൽ സംയുക്ത മേൽനോട്ടത്തിനു പദ്ധതി അവതരിപ്പിച്ച് ഒമാൻ.
സുപ്രധാന എണ്ണക്കടത്തു പാതയിൽ ഇറാനു മാത്രം നിയന്ത്രണമുള്ള അവസ്ഥ ഒഴിവാക്കുകയാണ് ലക്ഷ്യം. ഒമാനി വൃത്തങ്ങൾ പദ്ധതി വിശദാംശങ്ങൾ തിങ്കളാഴ്ച ഇറേനിയൻ നേതൃത്വത്തെ അറിയിച്ചു.
ഹോർമുസ് കടലിടുക്കിന്റെ ഒരു വശത്ത് ഇറാനും മറ്റേ വശത്ത് ഒമാനുമാണ്. സൗദി അടക്കമുള്ള പ്രാദേശിക അറബി രാജ്യങ്ങളുടെ പിന്തുണയോടെയാണ് ഒമാൻ പുതിയ പദ്ധതി ഇറാനെ അറിയിച്ചത്.
തെക്കുകിഴക്കനേഷ്യയിലെ മലാക്ക കടലിടുക്കിലേതുപോലുള്ള നിയന്ത്രണ സംവിധാനമാണ് ഒമാൻ ലക്ഷ്യമിടുന്നത്. മലാക്കയിൽ ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ, തായ്ലൻഡ് രാജ്യങ്ങളാണ് സുരക്ഷാ മേൽനോട്ടം വഹിക്കുന്നത്. മലാക്കയിലേതു പോലെ ഹോർമുസിലും കപ്പലുകൾക്ക് സ്വയം ഫീസ് നല്കാൻ അവസരം നല്‍കണം. സുരക്ഷ, പരിസ്ഥിതി സംരക്ഷണം, അപകടത്തിലെ രക്ഷാപ്രവർത്തനം തുടങ്ങിയവയ്ക്കുള്ള ഫണ്ട് ഇതിൽനിന്നു കണ്ടെത്താനാകും.
ഹോർമുസിൽ സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കാനുള്ള പ്രോട്ടോകോളും ഒമാന്റെ നിർദേശത്തിലുണ്ടെന്നാണ് സൂചന. യുഎസ്, ഇറാൻ, പ്രാദേശിക കപ്പലുകൾ ഹോർമുസിൽ ഏറ്റുമുട്ടുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം.
ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി തിങ്കളാഴ്ച ഹോർമുസ് വിഷയം സൗദിയിലെയും ഒമാനിലെയും വിദേശകാര്യ മന്ത്രിമാരുമായി ചർച്ച ചെയ്തു.
International
വാഷിംഗ്ടൺ ഡിസി/ടെൽ അവീവ്: ഇറാനെതിരേ വിപുലമായ സൈനിക നീക്കത്തിന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ, ഇസ്രയേലിലേക്ക് ഡസൻകണക്കിന് ഇന്ധനം നിറയ്ക്കുന്ന യുദ്ധവിമാനങ്ങൾ അമേരിക്ക അയയ്ക്കുന്നതായി അന്താരാഷ്ട്ര മാധ്യമമായ അക്സിയോസ് റിപ്പോർട്ട് ചെയ്തു.
ഇറാനിലെ ഊർജനിലയങ്ങളും അതീവസുരക്ഷിതമായ ഭൂഗർഭ ആണവകേന്ദ്രങ്ങളും ആക്രമിക്കുന്നതുൾപ്പെടെയുള്ള വിവിധ സൈനികനീക്കങ്ങളെക്കുറിച്ച് വൈറ്റ് ഹൗസിൽ ഉന്നതതല യോഗം ചേർന്നതായാണു വിവരം. ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ഉപരോധം അവസാനിപ്പിക്കാനും ആണവ വിഷയത്തിൽ തന്റെ നിബന്ധനകൾ അംഗീകരിപ്പിക്കാനും ലക്ഷ്യമിട്ടാണ് ട്രംപിന്റെ നീക്കങ്ങൾ. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ തുടങ്ങിയവരുമായി ട്രംപ് അടുത്ത നീക്കങ്ങളെക്കുറിച്ച് ചർച്ച നടത്തിക്കഴിഞ്ഞു.
അതേസമയം, അമേരിക്കൻ നീക്കങ്ങൾക്ക് കടുത്ത ഭാഷയിലാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് മറുപടി നൽകിയിരിക്കുന്നത്. ഇറാനെ സാമ്പത്തികമായി തകർക്കാൻ ലക്ഷ്യമിട്ട് പശ്ചിമേഷ്യൻ കടലിൽ പട്രോളിംഗ് നടത്തുന്ന യുഎസ് സേനയുടെ ഓരോ ചലനങ്ങളും തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് ഇറാൻ നാവികസേനാ കമാൻഡ് അറിയിച്ചു. യുഎസ് സെൻട്രൽ കമാൻഡ് നാവിക യൂണിറ്റുകൾക്കെതിരായ തങ്ങളുടെ സൈനിക നടപടിയുടെ സീറോ അവർ വളരെ അടുത്തു കഴിഞ്ഞെന്നും, വരും ദിവസങ്ങളിൽ അത് കാണാമെന്നുമാണ് ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ പുറത്തുവിട്ട പ്രസ്താവനയിലുള്ളത്.
ഇറാന്റെ പ്രത്യാക്രമണ സാധ്യതകൾ കണക്കിലെടുത്ത് അതീവ സുരക്ഷിതമായ ഇസ്രയേലിലെ ബെൻ ഗുരിയൻ വിമാനത്താവളം കേന്ദ്രീകരിച്ചാണ് അമേരിക്ക തങ്ങളുടെ റീഫ്യൂവലിംഗ് വിമാനങ്ങൾ വിന്യസിക്കുന്നത്. നിലവിൽ ബെൻ ഗുരിയൻ, റാമോൺ വിമാനത്താവളങ്ങളിലായി അറുപതോളം അമേരിക്കൻ സൈനിക വിമാനങ്ങൾ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
International
ഇന്നു രാവിലെ ഇറാൻ തൊടുത്തുവിട്ട പത്തിലേറെ മിസൈലുകൾ തകർത്തതായി ജോർദാൻ. ഇറാന്റെ സൈനികശേഷി പൂർണമായും ഇല്ലാതാക്കുകയാണു ലക്ഷ്യമെന്നും ആക്രമണം തുടരുമെന്നും യുഎസ് സെൻട്രൽ കമാൻഡ്. അമേരിക്ക തങ്ങളുടെ ജനവാസമേഖലകളെ ലക്ഷ്യമിടുകയാണെന്ന് ഇറാൻ.
ദുബായ്: പശ്ചിമേഷ്യയിൽ യുഎസ്-ഇറാൻ സംഘർഷം അതിരൂക്ഷമായി തുടരുന്നു. യുഎസ് സെൻട്രൽ കമാൻഡ് ഇറാനിൽ തുടർച്ചയായ ഏഴാം രാത്രിയും കനത്ത വ്യോമാക്രമണമാണു നടത്തിയത്. അമേരിക്കൻ ആക്രമണത്തിനുപിന്നാലെ, ശക്തമായ തിരിച്ചടിയുമായി ഇറാനും രംഗത്തെത്തി. മേഖലയിലെ യുഎസ് സൈനിക താവളങ്ങളെയും സഖ്യരാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അഴിച്ചുവിട്ടതോടെ സ്ഥിതിഗതികൾ യുദ്ധസമാനമായി.
കുവൈറ്റ്, ബഹ്റൈൻ, ജോർദാൻ എന്നീ രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കുനേരേയാണ് ഇറാൻ റെവല്യൂഷണറി ഗാർഡ്സ് വൻതോതിൽ പ്രത്യാക്രമണം നടത്തിയത്. കുവൈറ്റിലെ അൽ-ഉദൈരി കാമ്പിലെ യുഎസ് ആയുധസംഭരണശാല, അലി അൽ-സലേം എയർ ബേസ് തുടങ്ങിയവയ്ക്കുനേരേ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തെ തുടർന്നു രാജ്യത്തുടനീളം അപായ സൈറണുകൾ മുഴങ്ങി. തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ശത്രുക്കളുടെ മിസൈലുകളെയും ഡ്രോണുകളെയും നേരിടുകയാണെന്ന് കുവൈറ്റ് സൈന്യം വ്യക്തമാക്കി.
ബഹ്റൈനിലെ ഷെയ്ഖ് ഈസ എയർ ബേസിനെ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ആക്രമണം. അവിടെയുള്ള യുഎസ് യുദ്ധവിമാന താവളങ്ങൾ, ഇന്ധന സംഭരണ ടാങ്കുകൾ, യുഎസ് ഡ്രോൺ ഡിപ്പോ എന്നിവ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. ബഹ്റൈനിലെ പ്രധാന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെന്റർ തകർത്തതായും റെവല്യൂഷണറി ഗാർഡ്സ് അവകാശപ്പെട്ടു. ആക്രമണത്തെത്തുടർന്നു ജനങ്ങളോടു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാൻ അധികൃതർ നിർദേശം പുറപ്പെടുവിച്ചു.
ഇന്നു രാവിലെ ഇറാൻ തൊടുത്തുവിട്ട പത്തിലേറെ മിസൈലുകൾ തകർത്തതായി ജോർദാൻ സൈന്യം വ്യക്തമാക്കി. തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചെത്തിയ മിസൈലുകളാണ് തകർത്തതെന്നും രാജ്യത്ത് ആളപായമോ നാശമോ സംഭവിച്ചിട്ടില്ലെന്നും ജോർദാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജോർദാനിലെ അൽ-അസ്റഖ് എയർ ബേസിലെ യുഎസ് ഇന്ധന സംഭരണശാലകളും ഇറാൻ ലക്ഷ്യമിട്ടതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലോകത്തെ പ്രധാനപ്പെട്ട കപ്പാൽപ്പാതയായ ഹോർമുസ് കടലിടുക്കിലും ഭീതി പടരുകയാണ്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ നിർദേശപ്രകാരം നീങ്ങിയ രണ്ട് എണ്ണടാങ്കറുകൾ ഹോർമുസ് കടലിടുക്കിൽ മൈനുകളിൽ തട്ടി പൊട്ടിത്തെറിച്ചതായി ഇറാൻ അവകാശപ്പെട്ടു. എന്നാൽ യുഎസ് സൈന്യം ഈ അവകാശവാദം പൂർണമായും നിഷേധിച്ചു. ഇതോടൊപ്പം, സുപ്രധാന ജലപാതയിലൂടെ കടന്നുപോകാൻ ശ്രമിച്ച നാല് കപ്പലുകൾ തടഞ്ഞതായും ഇറാൻ അവകാശപ്പെട്ടു.
ഇറാന്റെ സൈനികശേഷി പൂർണമായും ഇല്ലാതാക്കുകയാണു ലക്ഷ്യമെന്നും ആക്രമണം തുടരുമെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാന്റെ നിരീക്ഷണകേന്ദ്രങ്ങൾ, ഭൂഗർഭ ആയുധ സംഭരണശാലകൾ എന്നിവയാണു തങ്ങൾ തകർത്തതെന്ന് യുഎസ് വ്യക്തമാക്കി.
അതേസമയം, അമേരിക്ക തങ്ങളുടെ ജനവാസമേഖലകളെ ലക്ഷ്യമിടുകയാണെന്ന് ഇറാൻ ആരോപിച്ചു. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, രണ്ടു പ്രധാന പാലങ്ങൾ എന്നിവ യുഎസ് തകർത്തതായും പുതിയ ആക്രമണങ്ങളിൽ മൂന്നു പേർ കൊല്ലപ്പെട്ടതായും ഇറാൻ ഔദ്യോഗികമായി അറിയിച്ചു.
International
വാഷിംഗ്ടൺ ഡിസി: ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥരെയെല്ലാം വധിച്ചെന്നും രാജ്യത്തിന്റെ സൈനികശേഷി പൂർണമായി ഇല്ലാതാക്കിയെന്നും അമേരിക്കൻ പ്രസിഡന്റെ ഡോണൾഡ് ട്രംപ്. കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ മകനും പിൻഗാമിയുമായ മുജ്തബ ഖമനയ് തൊണ്ണൂറു ശതമാനവും ഇല്ലാതായതായും ട്രംപ് അവകാശപ്പെട്ടു. ഫോക്സ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അമേരിക്കൻ പ്രസിഡന്റിന്റെ നിർണായക വെളിപ്പെടുത്തൽ.
ഇറാന് നിലവിൽ നാവികസേനയോ വ്യോമസേനയോ അവശേഷിക്കുന്നില്ലെന്ന് ട്രംപ് അഭിമുഖത്തിൽ പറഞ്ഞു. അവരുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെ എല്ലാം തകർത്തുകഴിഞ്ഞു. മികച്ച കമാൻഡർമാരെല്ലാം കൊല്ലപ്പെട്ടു. ഇറാൻ പരമോന്നത നേതാവായിരുന്ന ഖമനയ് നേരത്തെതന്നെ വധിക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെ, ഖമനയ്യുടെ മകനായ മുജ്തബയും ഏതാണ്ട് പൂർണമായി ഇല്ലാതായെന്നും ട്രംപ് വ്യക്തമാക്കി.
നേരത്തെ നടന്ന വ്യോമാക്രമണത്തിൽ മുജ്തബയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കുകളെത്തുടർന്ന് ഖമനയ്യുടെ സംസ്കാര ചടങ്ങുകളിൽ പോലും മുജ്തബയ്ക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.
അതേസമയം, മേഖലയിൽ സംഘർഷം വീണ്ടും ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ പുതിയ പ്രസ്താവനകൾ പുറത്തുവരുന്നത്. ഇറാനെതിരേ വീണ്ടും ശക്തമായ ഉപരോധം ഏർപ്പെടുത്തുമെന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതമായ യാത്രയ്ക്ക് യുഎസ് മേൽനോട്ടം വഹിക്കുമെന്നും ട്രംപ് മുന്നറിയിപ്പു നൽകി. എന്നാൽ ട്രംപിന്റെ അവകാശവാദങ്ങളോട് ഇറാൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
International
ടെഹ്റാൻ: ഇറാൻ പരമാധികാരി ആയത്തുള്ള അലി ഖമനയ്യുടെ വധത്തിനു പ്രതികാരം ചെയ്യേണ്ട ലോകനേതാക്കളുടെ ഹിറ്റ് ലിസ്റ്റ് പുറത്തുവിട്ട് ഇറാൻ ഔദ്യോഗിക പത്രം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരുൾപ്പെടെ പതിമൂന്ന് ആഗോള നേതാക്കളുടെ ചിത്രങ്ങളടങ്ങിയ റിപ്പോർട്ട് ആണ് ഇറാൻ തലസ്ഥാനത്തുനിന്നു പ്രസിദ്ധീകരിക്കുന്ന കൺസർവേറ്റീവ് ദിനപത്രമായ, ഹംഷാഹ്രി ഓൺലൈനിലൂടെ പുറത്തുവിട്ടത്.
ഫെബ്രുവരി 28ന് യുഎസ്-ഇസ്രയേൽ സഖ്യം നടത്തിയ വ്യോമാക്രമണത്തിലാണ് ഖമനയ് കൊല്ലപ്പെട്ടത്. തുടർന്ന് അദ്ദേഹത്തിന്റെ മകനും പിൻഗാമിയുമായ മുജ്തബ ഖമനയ് കണക്കുചോദിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണു ഹിറ്റ് ലിസ്റ്റ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
പ്രതികാരം തങ്ങളുടെ രാജ്യത്തിന്റെ ആവശ്യമാണെന്നും ലിസ്റ്റിലുള്ള കുറ്റവാളികൾക്കു സമാധാനപരമായ മരണം ഉണ്ടാകില്ലെന്നും ഖമനയ്യുടെ സംസ്കാര ചടങ്ങുകൾക്കുശേഷം നൽകിയ സന്ദേശത്തിൽ മുജതബ വ്യക്തമാക്കിയിരുന്നു. ട്രംപിനും നെതന്യാഹുവിനും പുറമെ ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ജർമൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ് എന്നിവരും ഇറാന്റെ ഹിറ്റ് ലിസ്റ്റിലുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവരും പട്ടികയിൽ ഉൾപ്പെടുന്നു. എന്നാൽ, പത്രം പുറത്തുവിട്ട ഈ ലിസ്റ്റിന് ഇറാന്റെ ഔദ്യോഗിക ഭരണകൂടത്തിന്റെ അംഗീകാരമുണ്ടോ എന്നതു വ്യക്തമല്ല.
തങ്ങളുടെ രാജ്യത്തിനുനേരേ നടന്ന ആക്രമണങ്ങളെ അപലപിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ തയാറായില്ലെന്നും യുഎസ് സൈനിക വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാത തുറന്നുനൽകി അവർ ആക്രമണത്തിനു കൂട്ടുനിന്നെന്നും യുദ്ധത്തിനിടയിൽ ഇറാൻ ആരോപിച്ചിരുന്നു. ഖമനയ് കൊല്ലപ്പെട്ട ആക്രമണത്തിൽ മുജ്തബയ്ക്കും പരിക്കേറ്റിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. യുദ്ധം തുടങ്ങിയ ശേഷം മുജ്തബ ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.
International
ദുബായ്: ഹോർമുസിനെച്ചൊല്ലി അമേരിക്കയും ഇറാനും തമ്മിൽ സംഘർഷം കനക്കുന്നതിനിടെ ഇറാനുമേലുള്ള നാവിക ഉപരോധം അമേരിക്ക പുനഃസ്ഥാപിച്ചു. ചരക്കുകപ്പലുകൾക്ക് 20 ശതമാനം ടോൾ ഏർപ്പെടുത്തുമെന്നും ഹോർമുസ് അമേരിക്ക കൈകാര്യം ചെയ്യുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമത്തിൽ അറിയിച്ചു. "ഇറാനുമേലുള്ള നാവിക ഉപരോധം പുനഃസ്ഥാപിച്ചു. ഇറാന്റെ കപ്പലുകൾ വരാനും പോകാനും അനുവദിക്കില്ല. മറ്റു രാജ്യങ്ങൾക്ക് ഹോർമുസ് കടലിടുക്ക് ഉപയോഗിക്കാം.
കപ്പലുകൾക്ക് സുരക്ഷയൊരുക്കുന്നതിനാണ് ടോൾ ഏർപ്പെടുത്തിയിരിക്കുന്നത് '' -ട്രംപ് അറിയിച്ചു.ഇന്നലെ ഇറാനിലെ ഒട്ടേറെ കേന്ദ്രങ്ങളിൽ യുഎസ് സേന ആക്രമണം നടത്തി. വ്യോമപ്രതിരോധ സംവിധാനം, റഡാർ കേന്ദ്രങ്ങൾ, മിസൈൽ-ഡ്രോൺ സംവിധാനങ്ങൾ, ചെറു ബോട്ടുകൾ എന്നിവയുൾപ്പെടെയാണ് യുഎസ് ആക്രമണത്തിനിരയായത്.
ഇറാനുനേർക്ക് അമേരിക്ക സൂയിസൈഡ് ഡ്രോണുകൾ പ്രയോഗിച്ചു. ബഹറിൻ, കുവൈറ്റ്, ജോർദാൻ രാജ്യങ്ങളിലേക്ക് മിസൈൽ, ഡ്രോൺ ആക്രമണം നടത്തി ഇറാൻ തിരിച്ചടിച്ചു. ഒരാഴ്ചയ്ക്കിടെ നാലാം ദിവസമാണ് യുഎസ്-ഇറാൻ സംഘർഷമുണ്ടായത്. യുഎസ് ആക്രമണത്തിൽ തെക്കുപടിഞ്ഞാറൻ ഇറാനിലെ അബാദാനിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഹോർമോസ്ഗാൻ, ഖുസെസ്ഥാൻ, മർകാസി പ്രവിശ്യകളിൽ യുഎസ് ആക്രമണമുണ്ടായി. സാധാരണക്കാർക്കുനേരേ ഇറാൻ ആക്രമണം നടത്തിയെന്ന് ബഹറിൻ കുറ്റപ്പെടുത്തി.
കുവൈറ്റ് ഓയിൽ കന്പനിയുടെ എണ്ണഖനന കേന്ദ്രത്തിനുനേരേയുണ്ടായ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. കുവൈറ്റിന്റെ വടക്കൻ അതിർത്തിയിലേക്കും ഇറാൻ ആക്രമണം നടത്തി. ബഹറിനിലെയും കുവൈറ്റിലെയും യുഎസ് വ്യോമതാവളങ്ങളിൽ കനത്ത നാശമുണ്ടാക്കിയെന്ന് ഇറാൻ അവകാശപ്പെട്ടു.
ഹോർമുസ് കടലിടുക്ക് തങ്ങളുടെ അധീനതയിലുള്ളതാണെന്നും അവിടെ ഇടപെടാൻ അമേരിക്കയെ അനുവദിക്കില്ലെന്നും ഇറാന്റെ റവലൂഷണറി ഗാർഡ് പറഞ്ഞു. യുദ്ധത്തിനു മുന്‍പുള്ളതുപോലെ ഹോർമുസ് തുറക്കണമെന്ന് യൂറോപ്യൻ യൂണിയന്റെ ഉന്നത നേതാവ് കാജാ കല്ലാസ് ആവശ്യപ്പെട്ടു.
നിയന്ത്രണം കടുത്തതോടെ ഇതുവഴി ചുരുക്കം കപ്പലുകൾ മാത്രമാണു കടന്നുപോയത്. ഇതിനിടെ, ഇറാൻ നേതൃത്വത്തിൽ ഭിന്നത പ്രകടമായി. ചർച്ചയിൽ സമവായത്തിലെത്തണമെന്ന് ഭരണനേതൃത്വത്തിലെ ഒരുവിഭാഗം വാദിക്കുന്നു. അമേരിക്കയോടു പ്രതികാരം ചെയ്യണമെന്നാണ് റവലൂഷണറി ഗാർഡ് ആവശ്യപ്പെടുന്നത്.
International
ഇസ്ലാമബാദ്: പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ അമേരിക്കയോടും ഇറാനോടും പരമാവധി ആത്മസംയമനം പാലിക്കാൻ ആഹ്വാനം ചെയ്ത് പാക്കിസ്ഥാൻ.
മേഖലയിലെ ആശങ്കാജനകമായ സാഹചര്യം കണക്കിലെടുത്ത് പാക് ഉപപ്രധാനമന്ത്രി ഇഷാദ് ദാർ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി ടെലിഫോണിൽ ചർച്ച നടത്തി.
2026 ജൂണിൽ ഒപ്പുവച്ച ഇസ്ലാമബാദ് ധാരണാപത്രം അനുസരിച്ച് ഇരുപക്ഷവും സംഘർഷത്തിൽ നിന്നുപിന്മാറണമെന്നും ആത്മസംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
International
വാഷിംഗ്ടൺ: ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ ഇറാനെതിരെ പരിഹാസവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സംസ്കാര ചടങ്ങുകൾ സുഗമമായി നടത്തുന്നതിനായി ഒരാഴ്ചത്തെ ഇടവേള നൽകിയിട്ടുണ്ടെന്നും ഞങ്ങൾ വളരെ നല്ലവരായതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മൗണ്ട് റഷ്മോറിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്. അമേരിക്കൻ സൈന്യത്തിന്റെ ശക്തമായ നടപടികളിലൂടെ ഇറാന്റെ ആത്മവിശ്വാസം പൂർണമായും തകർത്തു. ഇപ്പോൾ യുഎസുമായി ഒരു കരാറിലെത്താൻ അവർ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
നിലവിൽ ഖമനയിയുടെ സംസ്കാര ചടങ്ങുകൾ നടക്കുന്ന സാഹചര്യത്തിലാണ് തങ്ങൾ അവർക്ക് ഒരാഴ്ചത്തെ സമയം അനുവദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര ചർച്ചകൾക്ക് വഴിതുറക്കുന്നതാണ് അമേരിക്കൻ സ്വാതന്ത്ര്യദിന വേദിയിലെ ട്രംപിന്റെ ഈ പുതിയ പ്രസ്താവന.
International
ഒബ്ബർഗൻ: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ തുടരുന്നതിനിടെ ഇറാന്റെ എണ്ണ ഉൽപ്പാദനത്തിനും വിതരണത്തിനുംമേൽ അമേരിക്ക ഏർപ്പെടുത്തിയിരുന്ന ഉപരോധം താൽക്കാലികമായി നീക്കിയതായി യുഎസ് ട്രഷറി അറിയിച്ചു.
സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്ക് റിസോർട്ടിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറാനിയൻ ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.
ഓഗസ്റ്റ് 21-ന് അർധരാത്രി 12:01 വരെ അസംസ്കൃത എണ്ണ ഉൽപ്പാദിപ്പിക്കാനും വിൽക്കാനും വിതരണം ചെയ്യാനുമുള്ള അനുമതി ഇറാന് നൽകിയതായി അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ ചരക്ക് നീക്കം ഉറപ്പാക്കുമെന്ന ഇറാന്റെ ഉറപ്പും അന്താരാഷ്ട്ര ആണവോർജ ഏജൻസി ഇൻസ്പെക്ടർമാർക്ക് ഇറാനിൽ പരിശോധന നടത്താൻ അനുമതി നൽകിയതുമാണ് ഉപരോധം പിൻവലിക്കാൻ കാരണമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ചൂണ്ടിക്കാട്ടി.
International
ടെഹ്റൻ: ഹിജാബ് ധരിക്കാതെ സോഷ്യൽ മീഡിയയിലൂടെ സംഗീത പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്ത പ്രശസ്ത ഇറാനിയൻ ഗായിക പരസ്തൂ അഹ്മദിക്കും സഹപ്രവർത്തകർക്കും ചാട്ടവാറടി ശിക്ഷ വിധിച്ച് കോടതി.
ഇറാനിലെ ഖോം പ്രവിശ്യയിലെ ക്രിമിനൽ കോടതിയാണ് ഇവർക്ക് 74 ചാട്ടവാറടി ശിക്ഷവിധിച്ചത്. ചാട്ടവാറടിക്ക് പുറമേ, രണ്ട് വർഷത്തേക്ക് വിദേശയാത്ര നടത്തുന്നതിനും ഏതെങ്കിലും തരത്തിലുള്ള കലാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും ഇവർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
2024 ഡിസംബറിൽ ഇവർ പാടിയ ഇറാനിലെ വിപ്ലവ ഗാനമായ അസ് ഖൂനെ ജവനനെ വതൻ എന്ന പാട്ടിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്നാണ് അധികൃതർ നടപടിയെടുത്തത്.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ആളുകൾ കാണുകയും വലിയ തോതിൽ വൈറലാവുകയും ചെയ്തു. തുടർന്ന് ഇന്റർനെറ്റിലൂടെ അശ്ലീലത പരത്തി പൊതുജനങ്ങളുടെ അന്തസിന് ഭംഗം വരുത്തി എന്ന കുറ്റം ചുമത്തിയാണ് ഇറാനിലെ ഇസ്ലാമിക നിയമപ്രകാരം കോടതി ഇവർക്ക് ശിക്ഷ വിധിച്ചത്.
ഈ വിധി മനുഷ്യാവകാശ ലംഘനമാണെന്ന് വിവിധ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും നിയമവിദഗ്ധരും രൂക്ഷമായി വിമർശിച്ചു. സ്ത്രീകൾ പാടുന്നതോ സംഗീതം നിർമിക്കുന്നതോ ഇറാനിയൻ നിയമപ്രകാരം കുറ്റകരമല്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഒരു ഗായിക ഹിജാബ് ധരിക്കാതെ പാടിയതിന് ചാട്ടവാറടി നൽകുന്നത് ഭരണകൂടം സ്ത്രീകൾക്കെതിരെ നടത്തുന്ന വിവേചനത്തിന്റെ ഏറ്റവും പുതിയ തെളിവാണ് എന്ന് മാധ്യമപ്രവർത്തക മസിഹ് അലിനെജാദ് പറഞ്ഞു.
International
വാഷിംഗ്ടൺ ഡിസി: ഇറാനുമായുണ്ടാക്കിയ കരാറിന്റെ വിശദാംശങ്ങൾ വെള്ളിയാഴ്ചയ്ക്കു മുന്‍പേ പ്രസിഡന്റ് ട്രംപ് പുറത്തുവിട്ടേക്കുമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അറിയിച്ചു.
ഇറാന് അമേരിക്ക ധനസഹായം നല്‍കില്ല. ഇറാനുമായുള്ള ഒന്നര പേജ് കരാർ പൊതുധാരണകൾ ഉൾപ്പെടുന്ന രേഖ മാത്രമാണെന്നും വാൻസ് വിശദീകരിച്ചു.
ഇതിനിടെ, കരാറിന്റെ ഉള്ളടക്കത്തിൽ ചിലത് പുറത്തുവന്നിട്ടുണ്ട്. ഇതു പ്രകാരം കരാർ ഔദ്യോഗികമായി ഒപ്പുവയ്ക്കുന്ന വെള്ളിയാഴ്ച ഹോർമുസ് കടലിടുക്കും തുറക്കും.
ട്രംപ്, വാൻസ്, ഇറേനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ഗാലിബാഫ് എന്നിവർ ഡിജിറ്റലായി കറാരിൽ ഒപ്പുവച്ചുകഴിഞ്ഞുവെന്നാണു റിപ്പോർട്ട്.
ഇറാന്റെ ആണവപദ്ധതികൾ സംബന്ധിച്ച ചർച്ചകൾ ഈയാഴ്ചതന്നെ തുടങ്ങിയേക്കും. ഇറാനിൽ വീണ്ടും ആണവപരിശോധകർക്കു പ്രവേശനം അനുവദിക്കും.
ധാരണാ വ്യവസ്ഥകൾ ഇറാൻ പാലിക്കുന്നതനുസരിച്ചായിരിക്കും മരവിപ്പിച്ച ആസ്തികൾ വിട്ടുകൊടുക്കുന്നതിൽ തീരുമാനം ഉണ്ടാവുക.
International
വാഷിംഗ്ടൺ ഡിസി: ലോകത്തെ പ്രതിസന്ധിയിലാഴ്ത്തിയ പശ്ചിമേഷ്യൻ യുദ്ധം അവസാനിക്കുന്നു. ഇറാനുമായുള്ള യുദ്ധം ഏതാണ്ട് അവസാനിച്ചെന്നും ഈയാഴ്ച അവസാനം യൂറോപ്പിൽവച്ച് സമാധാന കരാറിൽ ഒപ്പുവയ്ക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
യൂറോപ്പിൽ നടക്കുന്ന ഒപ്പുവയ്ക്കൽ ചടങ്ങിൽ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പങ്കെടുക്കുമെന്നും ട്രംപ് ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരെ അറിയിച്ചു.
ജോർജിയ ഗവർണർസ്ഥാനത്തേക്കു മത്സരിക്കുന്ന ബർട്ട് ജോൺസിനുവേണ്ടി നടത്തിയ ടെലി റാലിയിലാണ് ഇറാനുമായുള്ള യുദ്ധം അവസാനിച്ചെന്ന് ട്രംപ് പ്രഖ്യാപിച്ചത്. “ഇറാനുമായുള്ള യുദ്ധം ഞങ്ങൾ അവസാനിപ്പിച്ചു. അണ്വായുധം ഉണ്ടാക്കില്ലെന്ന് അവർ സമ്മതിച്ചു.
സമാധാന കരാറിന് അന്തിമരൂപമാകുന്പോൾ ഹോർമുസ് കടലിടുക്ക് തുറക്കും”- ട്രംപ് പറഞ്ഞു. ഖത്തർ, യുഎഇ, സൗദി അറേബ്യ, ബഹറിൻ, കുവൈറ്റ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി സംസാരിച്ചെന്നും ട്രംപ് കൂട്ടിച്ചേർത്തു. ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ എണ്ണവില ബാരലിന് 89 ഡോളറായി താഴ്ന്നു.
അതേസമയം, യുഎസ്-ഇറാൻ ചർച്ച സംബന്ധിച്ച് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അറിവുണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടുണ്ട്. യുഎസ് മാധ്യമമായ ആക്സിയോസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുദ്ധത്തിന്റെ തുടക്കത്തിൽ ഒറ്റക്കെട്ടായി നീങ്ങിയ ഡോണൾഡ് ട്രംപും ബെഞ്ചമിൻ നെതന്യാഹുവും ഇപ്പോൾ കടുത്ത ഭിന്നതയിലാണ്.
ലബനനിലെ ആക്രമണം ഇസ്രയേൽ തുടരുന്നതിൽ ട്രംപിന് കടുത്ത രോഷമുണ്ട്. എത്രയും വേഗം യുദ്ധം അവസാനിപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. എന്നാൽ, ഇറാനെയും ഹിസ്ബുള്ളയെയും പൂർണമായി തകർക്കുകയെന്ന ലക്ഷ്യമാണ് ഇസ്രയേലിനുള്ളത്.
ഇറാനെ അതികഠിനമായി പ്രഹരിക്കുമെന്നും ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ഭീഷണി മുഴക്കി മണിക്കൂറുകൾക്കകമാണ് സമാധാന ചർച്ചയിൽ പുരോഗതിയുണ്ടെന്നും ആക്രമണം ഉപേക്ഷിച്ചെന്നും ട്രംപ് അറിയിച്ചത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ അമേരിക്കയും ഇറാനും തമ്മിൽ രൂക്ഷപോരാട്ടം നടന്നിരുന്നു.
യുഎസുമായുള്ള കരാറിന്റെ തൊട്ടടുത്തെത്തിയെന്ന് ഇറേനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്നലെ അറിയിച്ചു. ഇറാൻ സന്പുഷ്ടീകരിച്ച യൂറേനിയം നീക്കം ചെയ്യും, ഇറാന്റെ ആണവപദ്ധതി ഇല്ലാതാക്കും, ഹോർമുസ് കടലിടുക്ക് തുറക്കും, ഇറാന്റെ ആസ്തികള്‍ വിട്ടുനൽകും, ഉപരോധം ഘട്ടംഘട്ടമായി നീക്കും തുടങ്ങിയവ കരാറിലുണ്ടെന്നാണു വിവരം.
ഫെബ്രുവരി 28നാണ് യുഎസും ഇസ്രയേലും ഇറാനില്‍ ആക്രമണം ആരംഭിച്ചത്. ആദ്യദിനത്തിലെ ആക്രമണത്തില്‍ത്തന്നെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് ഉള്‍പ്പെടെ ഇറാന്റെ നേതൃനിരയൊന്നാകെ കൊല്ലപ്പെട്ടു. ഏപ്രിലില്‍ വെടിനിര്‍ത്തലിനു ധാരണയായെങ്കിലും ഇടയ്ക്കിടെ ഇറാനും യുഎസും പരസ്പരം ആക്രമണം നടത്തിയിരുന്നു.
International
വാഷിംഗ്ടൺ: ഇറാനെതിരെ ഇന്ന് രാത്രി അതിശക്തമായ സൈനിക നീക്കം നടത്തുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ട്രംപ് ഈ പ്രസ്താവന നടത്തിയത്.
അമേരിക്ക ഇന്ന് രാത്രി ഇറാനെതിരെ അതിശക്തമായ ആക്രമണം നടത്തും. ഇറാന്റെ നാവികസേന, വ്യോമസേന, റഡാർ സംവിധാനങ്ങളും മറ്റ് പ്രതിരോധ മാർഗങ്ങളും യുഎസ് സൈന്യം ഇല്ലാതാക്കിക്കഴിഞ്ഞുവെന്നും ട്രംപ് അവകാശപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ മുന്നറിയിപ്പുകൾ ട്രംപ് നൽകിയിരുന്നു.
ഇറാന്റെ സാമ്പത്തിക സ്രോതസായ ഖാർഗ് ദ്വീപ് വരും ദിവസങ്ങളിൽ പിടിച്ചെടുക്കും. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഈ തന്ത്രപ്രധാന ദ്വീപ് വഴിയാണ്. വെനസ്വേലയിൽ ചെയ്തതുപോലെ ഇറാനിലെ എണ്ണ, വാതക വിപണികളുടെ പൂർണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപിന്റെ പുതിയ ഭീഷണിയോടെ മിഡിൽ ഈസ്റ്റിൽ യുദ്ധഭീതിയും അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര ആശങ്കകളും വർധിച്ചിരിക്കുകയാണ്. അതിനിടെ മേഖലയിലെ അരക്ഷിതാവസ്ഥ കാരണം ഹോർമുസ് കടലിടുക്ക് അടയ്ക്കുകയാണെന്ന് ഇറാന് അറിയിച്ചു. കപ്പലുകൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തി. എണ്ണ ടാങ്കറുകളും വാണിജ്യ കപ്പലുകളും ഉൾപ്പെടെ എല്ലാത്തരം കപ്പലുകൾക്കും നിരോധനമുണ്ട്.
International
വിയന്ന: ആണവായുധ നിർമാണത്തിന് ഉപയോഗിക്കാവുന്ന തരത്തിലുള്ള യുറേനിയം സമ്പുഷ്ടീകരണ പ്രവർത്തനങ്ങൾ തങ്ങൾ നിർത്തിവച്ചിട്ടുണ്ടെന്ന ഇറാന്റെ അവകാശവാദം സ്ഥിരീകരിക്കാൻ സാധിക്കുന്നില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐഎഇഎ).
ഇസ്രയേലും അമേരിക്കയും ചേർന്ന് ബോംബാക്രമണം നടത്തിയ ഇറാന്റെ രണ്ട് പ്രധാന ആണവനിലയങ്ങളിൽ പരിശോധന നടത്താൻ ഇറാൻ അനുമതി നൽകാത്തതിനാലാണ് ഇതെന്നും ഐക്യരാഷ്ട്ര സഭയുടെ ആണവ നിരീക്ഷക സംഘടന വ്യക്തമാക്കുന്നു. ഐഎഇഎയുടെ രഹസ്യ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
ഇറാൻ ആണവനിലയങ്ങളിലെ നിലവിലെ യുറേനിയം ശേഖരത്തിന്റെ കൃത്യമായ അളവോ, അവ എവിടെ സൂക്ഷിച്ചിരിക്കുന്നുവെന്നതു സംബന്ധിച്ചുള്ള വിവരങ്ങളോ തങ്ങൾക്ക് ലഭ്യമാക്കാൻ സാധിക്കുന്നില്ലെന്ന് അംഗരാജ്യങ്ങൾക്ക് അയച്ച റിപ്പോർട്ടിൽ പറയുന്നു. ആണവ പദ്ധതികളുടെ സുതാര്യത ഉറപ്പാക്കുന്നതിൽ നേരിടുന്ന ഈ തടസം ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.
സമാധാനപരമായ ആവശ്യങ്ങൾക്കുള്ളതാണു തങ്ങളുടെ ആണവപദ്ധതികളെന്നാണ് ഇറാന്റെ വാദം. എന്നാൽ, നിലവിലെ സുരക്ഷാഭീഷണികൾ കണക്കിലെടുത്ത് സാധാരണ രീതിയിലുള്ള പരിശോധനകൾ പ്രായോഗികമല്ലെന്നു ചൂണ്ടിക്കാട്ടി ഫെബ്രുവരി രണ്ടിന് ഇറാൻ ഐഎഇഎയ്ക്ക് കത്തയച്ചിരുന്നു.
ആക്രമണത്തിൽ കേടുപാടുകൾ സംഭവിക്കാത്ത ആണവനിലയങ്ങളിൽ കഴിഞ്ഞ ജൂണിനുശേഷം ഒരുതവണയെങ്കിലും പരിശോധന നടത്താൻ ഇറാൻ അനുമതി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
നിലവിൽ 60ശതമാനം വരെ ശുദ്ധീകരിച്ച 440.9 കിലോഗ്രാം യുറേനിയം ഇറാന്റെ കൈവശമുണ്ടെന്നാണ് ഐഎഇഎയുടെ കണക്ക്.
ആണവായുധ നിർമാണത്തിനാവശ്യമായ 90 ശതമാനം ശുദ്ധീകരണത്തിലേക്കെത്താൻ ഇറാന് ഇനി ചെറിയൊരു സാങ്കേതികഘട്ടം മാത്രമാണ് അവശേഷിക്കുന്നത്. ഇവ ഉപയോഗിച്ച് ഇറാന് പത്തോളം ആണവബോബുകൾ നിർമിക്കാൻ സാധിക്കുമെന്ന് ഐഎഇഎ മേധാവി റാഫേൽ ഗ്രോസി നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
International
ടെൽ അവീവ്: പദവിയിൽ നിന്ന് വിരമിക്കുന്നതിന് മുന്നോടിയായി ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ തലവൻ ഡേവിഡ് ബാർണിയ നടത്തിയ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാകുന്നു. ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തെ താഴെയിറക്കാൻ ഇസ്രയേലും മൊസാദും പ്രതിജ്ഞാബദ്ധരായി തുടരണമെന്ന് ബാർണിയ ആഹ്വാനം ചെയ്തു.
മുൻകാലങ്ങളിൽ ഇറാന്റെ ആണവായുധ മോഹങ്ങളെ തടയുക എന്നതായിരുന്നു മൊസാദിന്റെ ലക്ഷ്യമെങ്കിൽ, ഇപ്പോഴത്തെ യുദ്ധത്തിന് ശേഷം ഇറാൻ ഭരണകൂടം അതിന്റെ ഏറ്റവും ദുർബലവും പരിക്കേറ്റതുമായ അവസ്ഥയിലാണെന്നും ഈ അവസരം മുതലാക്കി അവിടെ ഭരണമാറ്റം കൊണ്ടുവരികയാണ് മൊസാദിന്റെ പ്രധാന ദൗത്യമെന്നും അദ്ദേഹം വ്യക്തമാക്കി. ചരിത്രപരവും സുപ്രധാനവുമായ ഒരു സൈനിക നീക്കത്തിന്റെ മധ്യത്തിലാണ് ഇസ്രയേൽ ഇപ്പോഴുള്ളതെന്നും ബാർണിയ കൂട്ടിച്ചേർത്തു.
അതേസമയം, ഡേവിഡ് ബാർണിയ വിരമിക്കുന്നതോടെ മേജർ ജനറൽ റോമൻ ഗോഫ്മാൻ പുതിയ മൊസാദ് തലവനാകും. മുൻപ് ഗോഫ്മാന്റെ നിയമനത്തെ സുപ്രീംകോടതിയിൽ ബാർണിയ എതിർത്തിരുന്നുവെങ്കിലും, കോടതി ഉത്തരവിനെ മാനിച്ച് സുഗമമായ ഭരണമാറ്റത്തിന് പൂർണ പിന്തുണ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: ഇറാനെതിരേ ആക്രമണം ഇന്നലെ പുനരാരംഭിക്കാൻ തീരുമാനിച്ചിരുന്നതായും എന്നാൽ അറബ് രാജ്യങ്ങളുടെ അഭ്യർഥന മാനിച്ച് ആക്രമണം നീട്ടിവച്ചതായും അമേരിക്കൻ പ്രസിഡന്റ് ട്രംപ് അറിയിച്ചു. ഖത്തർ, സൗദി, യുഎഇ രാജ്യങ്ങളാണ് അഭ്യർഥന നടത്തിയത്.
അമേരിക്കയ്ക്കു സ്വീകാര്യമായ കരാറിൽ ഒപ്പുവയ്ക്കാൻ ഇറാൻ തയാറായേക്കുമെന്നാണ് തനിക്കു ലഭിച്ച വിവരമെന്ന് ട്രംപ് പറഞ്ഞു. പക്ഷേ, ഇറാൻ അണ്വായുധം സ്വന്തമാക്കാൻ അനുവദിക്കില്ല. അണ്വായുധം നിർമിക്കുന്നതിൽനിന്ന് ഇറാനെ തടയുന്ന കരാറിൽ അമേരിക്ക സംതൃപ്തയാകും.
ഇറാൻ കരാറിനു തയാറായില്ലെങ്കിൽ അമേരിക്കയുടെ വൻ ആക്രമണം നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പു നല്കി. കുറച്ചുനാൾ മുന്‍പ്, പാക്കിസ്ഥാന്റെ അഭ്യർഥന പ്രകാരം ഇറാനെതിരായ ആക്രമണം നീട്ടിവച്ചുവെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇറാനുള്ള സമയം തീരുകയാണെന്നു കഴിഞ്ഞദിവസവും അദ്ദേഹം പറയുകയുണ്ടായി.
International
വാഷിംഗ്ടൺ ഡിസി: ഇറാനുള്ള സമയം തീരുന്നതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ്. വെടിനിർത്തൽ ഒരുമാസം പിന്നിട്ടിട്ടും യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ഫലം കാണാത്ത പശ്ചാത്തലത്തിലാണു ട്രംപിന്റെ മുന്നറിയിപ്പ്.
കാര്യങ്ങൾക്കു വേഗം തീരുമാനമുണ്ടാക്കണമെന്നും അല്ലെങ്കിൽ ഇറാനിൽ ഒന്നും അവശേഷിക്കില്ലെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. അമേരിക്കൻ പതാകയാൽ മൂടിയ പശ്ചിമേഷ്യയിൽ ഇറാനു നേരെ ചുവന്ന രേഖകൾ നീളുന്ന ഭൂപടവും ട്രംപ് പോസ്റ്റ് ചെയ്തു.
ഇറാനെതിരായ സൈനിക നടപടികൾ തുടരുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കായി ട്രംപ് ഇന്ന് സുരക്ഷാ ഉദേഷ്ടാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ട്രംപ് കഴിഞ്ഞദിവസം ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും സംസാരിച്ചിരുന്നു. ഇറാനെതിരായ ആക്രമണം പുനരാരംഭിക്കുന്നതിനെക്കുറിച്ചാണ് ഇരുവരും ചർച്ച ചെയ്തതെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
നേരത്തേ ചൈനാ സന്ദർശനവേളയിൽ ഇറേനിയൻ പ്രതിസന്ധി അവസാനിപ്പിക്കാൻ ട്രംപ് സഹായം ചോദിച്ചെങ്കിലും ബെയ്ജിംഗിൽനിന്ന് അനുകൂല നിലപാടുണ്ടായില്ല.
യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവച്ച നിർദേശങ്ങളിൽ പ്രതികരണം അറിയിച്ചുവെന്നാണ് ഇറാൻ ഇന്നലെ പറഞ്ഞത്. പാക്കിസ്ഥാനി മധ്യസ്ഥർ വഴി അമേരിക്കയെ ബന്ധപ്പെടുന്നതു തുടരുകയാണെന്നും ഇറാൻ കൂട്ടിച്ചേർത്തു.
അതേസമയം, നിർദേശങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ അമേരിക്ക തയാറായിട്ടില്ലെന്നാണ് ഇറേനിയൻ ഭരണകൂടത്തിന്റെ വിലയിരുത്തൽ.
International
ഇസ്ലാമാബാദ്: ഇറാന്റെ സൈനിക വിമാനങ്ങൾക്ക് പാക്കിസ്ഥാൻ വ്യോമതാവളത്തിൽ അഭയം നൽകിയതായി റിപ്പോർട്ട്.
യുഎസ്-ഇസ്രയേൽ ആക്രമണങ്ങളിൽ നിന്നും രക്ഷനേടാൻ പാക്കിസ്ഥാന്റെ നൂർ ഖാൻ വ്യോമതാവളത്തിൽ ഇറാന്റെ വിമാനങ്ങൾക്ക് പാർക്ക് ചെയ്യാൻ അനുമതി നൽകിയെന്നാണ് പുറത്തുവരുന്ന വിവരം.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇറാനുമായി വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് നൂർ ഖാൻ ബേസിലേക്ക് വിമാനങ്ങൾ മാറ്റിയതെന്ന് യുഎസ് ഉദ്യോഗസ്ഥർ സിബിഎസ് ന്യൂസിനോട് പ്രതികരിച്ചു.
അതേസമയം, നൂർ ഖാൻ വ്യോമതാവളത്തിൽ ഇറാന്റെ വിമാനങ്ങൾക്ക് അഭയം നൽകിയെന്ന ആരോപണം പാക് അധികൃതർ നിഷേധിച്ചു. നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന നൂർ ഖാൻ വ്യോമതാവളത്തിൽ പൊതുശ്രദ്ധയിൽ പെടാതെ വിമാനങ്ങൾ ഒളിപ്പിച്ചു വയ്ക്കാനാവില്ലെന്നാണ് പാക് അധികൃതർ നൽകുന്ന വിശദീകരണം.
അതിനിടെ, ഇറാന്റെ യാത്രാ വിമാനങ്ങൾ അഫ്ഗാനിസ്ഥാനിലേക്ക് മാറ്റിയെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇതിൽ സൈനിക വിമാനങ്ങൾ ഉൾപ്പെടുന്നുണ്ടോയെന്ന് വ്യക്തമല്ല.
Sports
സൂറിച്ച്: ഫുട്ബോൾ ലോകകപ്പുമായി ബന്ധപ്പെട്ട് ഫിഫയുമായി ഇറാൻ വീണ്ടും ചർച്ച നടത്തും. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് യുഎസിൽ കളിക്കില്ലെന്നും തങ്ങളുടെ മത്സരങ്ങൾ മെക്സിക്കോയിലേക്ക് മാറ്റണമെന്നും ഇറാൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് മെഹ്ദി താജ് ഫിഫയോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇതിൽ പ്രതികരിക്കാൻ തയാറാകാതിരുന്ന ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോ ലോകകപ്പ് മത്സരങ്ങൾക്കായി ഇറാൻ യുഎസിലേക്കു വരുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. പിന്നാലെയാണ് അന്തിമ ചർച്ചയ്ക്കായി ഫിഫ അധികൃതരെ കാണാൻ മെഹ്ദി താജും സംഘവും തീരുമാനിച്ചത്.
തങ്ങളുടെ മത്സരങ്ങൾ അമേരിക്കയിൽ നിന്ന് മാറ്റണമെന്നാണ് ഇറാന്റെ ആവശ്യം. ഇറാൻ താരങ്ങൾക്ക് അമേരിക്കയിൽ കളിക്കാമെന്ന് പ്രസിഡന്റ് ഡോൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇറാൻ കളിച്ചില്ലെങ്കിൽ ടൂർണമെന്റിൽ ഇറ്റലിയെ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർന്നെങ്കിലും ഫിഫ അത് തള്ളിക്കളഞ്ഞിരുന്നു.
International
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള യുഎസിന്റെ ശത്രുത ഏപ്രിൽ ഏട്ടിന് നിലവിൽ വന്ന വെടിനിർത്തലിലൂടെ അവസാനിച്ചുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. അതിനാൽ, ഇറാൻ യുദ്ധം തുടരുന്നതിന് കോൺഗ്രസിന്റെ അനുമതി ആവശ്യമില്ലെന്നും ട്രംപ് യുഎസ് കോൺഗ്രസിനെ അറിയിച്ചു.
വെള്ളിയാഴ്ച കോൺഗ്രസ് അംഗങ്ങൾക്കയച്ച കത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. യുഎസിലെ വാർ പവേഴ്സ് ആക്ട് പ്രകാരം ഒരു രാജ്യത്തിനെതിരേയുള്ള സൈനികനടപടി ആരംഭിക്കുന്നതിനെക്കുറിച്ച് നിയമനിർമാതാക്കൾക്ക് അറിയിപ്പ് ലഭിച്ച് 60 ദിവസത്തിനകം യുഎസ് കോൺഗ്രസിന്റെ അനുമതി തേടിയിരിക്കണം. അല്ലാത്തപക്ഷം എല്ലാ യുദ്ധനടപടികളും അവസാനിപ്പിക്കണം.
എന്നാൽ, ഫെബ്രുവരി 28-നാരംഭിച്ച യുദ്ധം വെടിനിർത്തലിലൂടെ അവസാനിച്ചെന്നും ഏപ്രിൽ ഏഴിനുശേഷം ഇറാനിൽ നേരിട്ടുള്ള സൈനികനടപടികളൊന്നും നടക്കാത്തതിനാൽ കോൺഗ്രസിന്റെ അനുമതി തേടേണ്ട ആവശ്യമില്ലെന്നുമാണ് ട്രംപിന്റെ വാദം.
International
വാഷിംഗ്ടൺ ഡിസി: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവച്ച പുതിയ നിർദേശങ്ങൾ സ്വീകര്യമല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ്. ഇറാന് കരാറുണ്ടാക്കാൻ താത്പര്യമുണ്ടെങ്കിലും അതിനായി അവർ സമർപ്പിച്ച നിർദേശങ്ങളിൽ തനിക്കു തൃപ്തി ഇല്ലെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എനിക്ക് അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങളാണ് അവർ ആവശ്യപ്പെടുന്നത്. ഫോണിലൂടെ ചർച്ച തുടരുന്നുണ്ട്. ഇറേനിയൻ ഭരണതലപ്പത്ത് ഭിന്നതയുണ്ടെന്നും നേതൃനിര രണ്ടോ മൂന്നോ ഗ്രൂപ്പുകളായി വിഭജിക്കപ്പെട്ടിരിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു.
അതേസമയം, മധ്യസ്ഥശ്രമങ്ങൾ നടത്തുന്ന പാക്കിസ്ഥാൻ വഴി ഇറാൻ അമേരിക്കയ്ക്കു കൈമാറിയ പുതിയ നിർദേശങ്ങളുടെ ഉള്ളടക്കം പുറത്തുവന്നിട്ടില്ല.
അമേരിക്ക പ്രകോപനസമീപനം മാറ്റിയാൽ ഇറാൻ ചർച്ചയ്ക്കു തയാറാണെന്ന് അവരുടെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. അമേരിക്കൻ ഭീഷണി നേരിടാൻ ഇറാൻ തയാറെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, ഇസ്രയേൽ-അമേരിക്ക ആക്രമണം പുനരാരംഭിക്കുമെന്ന നിഗമനത്തിൽ ഇറാൻ തയാറെടുപ്പുകൾ നടത്തുന്നതായി സൂചനയുണ്ട്. വ്യോമപ്രതിരോധ സംവിധാനം പ്രവർത്തന സജ്ജമാക്കിയെന്നാണ് ഇറേനിയൻ വൃത്തങ്ങൾ പറഞ്ഞത്. ഹ്രസ്വകാലത്ത് കനത്ത തോതിലുള്ള ആക്രമണം അമേരിക്ക നടത്തിയേക്കുമെന്നാണ് ഇറാന്റെ കണക്കുകൂട്ടൽ. ആക്രമിക്കപ്പെട്ടാൻ വിപലമായ തിരിച്ചടി നല്‍കാനുള്ള നീക്കത്തിലാണ് ഇറാൻ.
ഇറാനെ ആക്രമിക്കാൻ കോൺഗ്രസിന്റെ അനുമതി വേണ്ടെന്ന് ട്രംപ്
ഇറാനെതിരായ ആക്രമണം തുടരാൻ അമേരിക്കൻ കോൺഗ്രസിന്റെ അനുമതി വേണ്ടെന്ന് പ്രസിഡന്റ് ട്രംപ്. ഏപ്രിൽ എട്ടിലെ വെടിനിർത്തലോടെ ഇറാനുമായുള്ള ശത്രുത ഇല്ലാതായി എന്നും ട്രംപ് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു.
നിയമപ്രകാരം കോൺഗ്രസിന്റെ അനുമതി ഇല്ലാതെ 60 ദിവസം യുദ്ധം നടത്താനേ പ്രസിഡന്റിന് അനുമതിയുള്ളൂ. ഈ കാലാവധി വെള്ളിയാഴ്ച അവസാനിച്ച പശ്ചാത്തലത്തിലായിരുന്നു ട്രംപിന്റെ വിശദീകരണം.
വെടിനിർത്തൽ കാലാവധി ചൂണ്ടിക്കാട്ടി നിയമത്തെ മറിടക്കാനാണ് ട്രംപിന്റെ ശ്രമമെന്നു പറയുന്നു.
International
വാഷിംഗ്ടൺ ഡിസി: ഇറാനെതിരേ പുതിയ സൈനിക നടപടികൾ അമേരിക്കൻ പ്രസിഡന്റ് ട്രംപ് പരിഗണിക്കുന്നു. ഇറാനെ ചർച്ചാമേശയിലെത്തിക്കാനായി ഹ്രസ്വകാലത്തേക്ക് അതിശക്തമായ ആക്രമണം നടത്താനുള്ള പദ്ധതി അമേരിക്കൻ സേന തയാറാക്കിയെന്നാണു റിപ്പോർട്ട്.
കരയാക്രമണത്തിലൂടെ ഹോർമുസ് കടലിടുക്കിന്റെ ഒരു ഭാഗത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള മറ്റൊരു പദ്ധതിയും യുഎസ് സേന തയാറാക്കിയിട്ടുണ്ട്. പദ്ധതികൾക്ക് അനുമതി നല്‍കണമോ എന്ന് ട്രംപ് തീരുമാനിക്കും.
യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്രശ്രമങ്ങൾ ഫലം കാണാത്ത പശ്ചാത്തലത്തിലാണ് ട്രംപ് പുതിയ സൈനിക നടപടികൾ പരിഗണിക്കുന്നത്. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതുമൂലം എണ്ണവില വർധിക്കുന്നതും തടയേണ്ടതുണ്ട്.
അമേരിക്ക നാവിക ഉപരോധം അവസാനിപ്പിച്ചാൽ ഹോർമുസ് തുറക്കാനും ചർച്ചയ്ക്കിരിക്കാനും തയാറാണെന്നാണ് ഇറാന്റെ നിലപാട്.
അമേരിക്കയ്ക്ക് ഇതു സ്വീകാര്യമല്ല. ഇറാനും യുഎസിനും ഇടയിൽ മധ്യസ്ഥത വഹിക്കുന്ന പാക്കിസ്ഥാൻ സംഘർഷം പുനരാരംഭിക്കാതിരിക്കാൻ ശ്രമം നടത്തുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു.
ട്രംപ് പുതിയ സൈനിക നടപടികൾ പരിഗണിക്കുന്നുവെന്ന വാർത്ത മൂലം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില വീണ്ടും ഉയർന്നു. ഇന്നലെ ബ്രെന്റ് ഇനം ക്രൂഡ് വില ഒരുഘട്ടത്തിൽ 126 വരെ ഉയർന്നിരുന്നു. സമീപകാലത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണിത്. വില പിന്നീട് 116 ഡോളറിലേക്കു താണു.
യുദ്ധാനന്തരം ഹോർമുസിൽ നാവിക സ്വാതന്ത്ര്യം ഉറപ്പാക്കാനായി അന്താരാഷ്ട്ര സഖ്യം രൂപവത്കരിക്കാനുള്ള നീക്കവും ട്രംപ് ഭരണകൂടം നടത്തുന്നുണ്ട്. മാരിടൈം ഫ്രീഡം കൺസ്ട്രക്റ്റ് എന്ന പേരിലായിരിക്കും സഖ്യം. ഇക്കാര്യത്തിൽ സഖ്യരാജ്യങ്ങൾ അഭിപ്രായം അറിയിക്കാൻ ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.
ബ്രിട്ടനും ഫ്രാൻസും അടക്കമുള്ള രാജ്യങ്ങൾ നേരത്തേ ഇത്തരമൊരു സഖ്യരൂപവത്കരണത്തിന്റെ സാധ്യത ചർച്ച ചെയ്തിരുന്നതാണ്. എന്നാൽ, യുദ്ധം പൂർണമായി അവസാനിച്ചശേഷമേ ഇതു സാധ്യമാകൂ എന്നായിരുന്നു തീരുമാനം.
International
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള യുദ്ധത്തിൽ താൻ വലിയ വിജയത്തിലേക്ക് നീങ്ങുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാര്യങ്ങളെല്ലാം വളരെ നന്നായി പോകുകയാണെന്നും സൈന്യം മികച്ച പ്രകടനമാണു കാഴ്ച വയ്ക്കുന്നതെന്നും ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
വ്യാജ വാർത്താ മാധ്യമങ്ങൾ വായിച്ചാൽ, നമ്മൾ യുദ്ധത്തിൽ തോൽക്കുകയാണെന്നു നിങ്ങൾക്ക് തോന്നിപ്പോകും. ശത്രുക്കളും ആശയക്കുഴപ്പത്തിലാണ്. കാരണം, അവരും ഈ മാധ്യമ റിപ്പോർട്ടുകൾ തന്നെയാണ് കാണുന്നത്.
ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ഉപരോധമാണ്. കരാർ ഉണ്ടാകുന്നത് വരെ ഉപരോധം പിൽവലിക്കില്ല. ഇത് ഇറാനെ പൂർണമായും നശിപ്പിക്കുകയാണ്. പ്രതിദിനം 50 കോടി ഡോളർ വീതമാണ് അവർക്ക് നഷ്ടപ്പെടുന്നതെന്നും ട്രംപ് പറഞ്ഞു.
ഇറാനുമായുള്ള യുദ്ധത്തിന് ഇസ്രയേൽ ഒരിക്കലും തന്നെ പ്രേരിപ്പിച്ചിട്ടില്ലെന്ന് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ ട്രംപ് പറഞ്ഞു. 2023 ഒക്ടോബർ ഏഴിനുണ്ടായ ഭീകരാക്രമണങ്ങളും ആണവായുധങ്ങൾ നിർമിക്കാൻ ഇറാനെ അനുവദിക്കില്ലെന്നുള്ള തന്റെ തീരുമാനവുമാണു ആക്രമണത്തിനു പിന്നിലെന്നും ട്രംപ് പറഞ്ഞു.
International
ജെറുസലേം: ഇറാനുമായുള്ള യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തന്റെ രാജ്യവും യുഎസും ക്രൂരതയ്ക്കെതിരെയുള്ള പോരാട്ടത്തിലാണെന്ന് ഇറാനെ ലക്ഷ്യമിട്ട് നെതന്യാഹു പറഞ്ഞു.
ലോകത്തെ ഭീകരതയിലാഴ്ത്തുന്ന, നമ്മുടെ നാശം ആഗ്രഹിക്കുന്ന, യുഎസിനെ തകർക്കാൻ ശ്രമിക്കുന്ന, പാശ്ചാത്യ നാഗരികതയെ തകർക്കാൻ ശ്രമിക്കുന്ന ഇറാൻ എന്ന വലിയ ഏകാധിപത്യത്തിനെതിരെ യുഎസുമായി ചേർന്ന് ഞങ്ങൾ പോരാടുകയാണ്.
നമ്മൾ വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഇത് അവസാനിച്ചിട്ടില്ല. ഏത് നിമിഷവും നമുക്ക് പുതിയ മുന്നേറ്റങ്ങൾ ഉണ്ടാകാമെന്നും നെതന്യാഹു പറഞ്ഞു.
International
വാഷിംഗ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിപ്പിക്കുമെന്ന് സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ബുധനാഴ്ചയ്ക്കുള്ളിൽ കരാറിലെത്തിയില്ലെങ്കിൽ ശക്തമായ ബോംബാക്രമണം നടത്തുമെന്നും ട്രംപ് വ്യക്തമാക്കി.
വെടിനിർത്തൽ ചർച്ചകൾ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിൽ ട്രംപിന്റെ ഭീഷണിയും ഇറാന്റെ നിലപാടും ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി ഉയർത്തിയിരിക്കുകയാണ്. വെടിനിർത്തൽ നീട്ടുന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്നും എന്നാൽ ഇറാനിലെ തുറമുഖങ്ങൾക്കുമേലുള്ള നാവിക ഉപരോധം തുടരുമെന്നും ട്രംപ് പറഞ്ഞു.
ഏപ്രിൽ പകുതി മുതൽ ഇറാനിലെ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതം യുഎസ് നാവികസേന തടയുന്നുണ്ട്. ഇറാൻ ഈ നടപടിയെ നിയമവിരുദ്ധമെന്നും പ്രകോപനപരമെന്നും വിളിച്ച് അപലപിച്ചിരുന്നു. ഉപരോധം തുടർന്നാൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടയുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പാക്കിസ്ഥാനിൽ വെച്ച് നടന്ന ചർച്ചകൾ പരാജയപ്പെട്ടതും, ആണവ കരാറുകൾ, ഉപരോധം നീക്കൽ തുടങ്ങിയ കാര്യങ്ങളിലെ ഭിന്നതകളുമാണ് നിലവിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത്. അതേസമയം പാക്കിസ്ഥാന്റെ നേതൃത്വത്തിൽ ചർച്ചകൾ പുനരാരംഭിക്കാനുള്ള നീക്കം നടത്തുന്നുണ്ട്.
International
വാഷിംഗ്ടൺ ഡിസി: ഇറാന്റെ കൈവശമുള്ള യുറേനിയം ഉൾപ്പെടെയുള്ള ആണവ അവശിഷ്ടങ്ങൾ പിടിച്ചെടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ ബി-2 ബോംബർ വിമാനങ്ങൾ നടത്തിയ സൈനികനീക്കങ്ങളുടെ ഫലമായി രൂപപ്പെട്ട ഈ ആണവ അവശിഷ്ടങ്ങൾ കൈമാറുന്നതിനായി യാതൊരുവിധ പണമിടപാടും നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രയേൽ ഇനി ലെബനനിൽ ബോംബാക്രമണം നടത്തില്ലെന്നും ലെബനനിൽ കൂടുതൽ ആക്രമണങ്ങൾ നടത്തുന്നതിൽനിന്നും ഇസ്രയേലിനെ അമേരിക്ക വിലക്കിയതായും ട്രംപ് അറിയിച്ചു.
ലെബനനിലെ ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അമേരിക്ക കൈകാര്യം ചെയ്യുമെന്നും ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
International
ന്യൂഡൽഹി: ഇസ്ലമാബാദിൽ നടന്ന ചർച്ചകളിൽ ധാരണയായില്ലെങ്കിലും യുഎസ്-ഇറാൻ അടുത്ത ഘട്ടം ചർച്ചകൾ വ്യാഴാഴ്ച ജനീവയിൽ നടന്നേക്കുമെന്നു റിപ്പോർട്ട്. ഫെബ്രുവരിയിൽ ജനീവയിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെ ഇറാനുനേരെ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം ഉണ്ടായിരുന്നു. ഇതു മേഖലയെ യുദ്ധസമാനമായ സാഹചര്യത്തിലേക്കു തള്ളിവിട്ടു. എന്നാൽ, പുതിയ സാഹചര്യത്തിൽ സമാധാനത്തിനുള്ള സാധ്യതകൾ തേടി ഇരുപക്ഷവും വീണ്ടും ചർച്ചയ്ക്കു തയാറെടുക്കുകയാണ്.
അതിനിടെ, ഇറാന്റെ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ആഗോള വിപണിയെ ആശങ്കയിലാഴ്ത്തി. ലോകത്തെ പ്രധാന ഊർജഗതാഗത പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പൂർണമായും നിലച്ചതായി അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, മേഖലയിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലുകൾ പാതിവഴിയിൽനിന്നു തിരിച്ചിട്ടു. നിലവിൽ ഹോർമുസ് മേഖലയിൽ കപ്പൽ ഗതാഗതം നിശ്ചലമായ അവസ്ഥയിലാണ്.
ഇറാൻ തുറമുഖങ്ങൾ ഉപരോധിക്കാൻ അമേരിക്ക പശ്ചിമേഷ്യയിൽ വൻ സൈനിക സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ഏബ്രഹാം ലിങ്കൺ ഉൾപ്പെടെ പതിനാറ് യുദ്ധക്കപ്പലുകൾ മേഖലയിലുണ്ട്. എന്നാൽ പേർഷ്യൻ ഗൾഫിനുള്ളിൽ നിലവിൽ യുഎസ് യുദ്ധക്കപ്പലുകൾ ഇല്ലെന്നാണു പ്രതിരോധ വക്താക്കൾ നൽകുന്ന വിവരം.
അതേസമയം, നിയമവിരുദ്ധമായ ആവശ്യങ്ങൾ അമേരിക്ക മുന്നോട്ടുവയ്ക്കുന്നില്ലെങ്കിൽ മാത്രമേ ചർച്ചകൾക്കു പ്രസക്തിയുള്ളൂ എന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി വ്യക്തമാക്കി. സമാധാനത്തിനു തയാറാണെങ്കിലും അമേരിക്ക ഉപരോധവുമായി മുന്നോട്ടുപോവുകയാണെങ്കിൽ എല്ലാ പ്രത്യാഘാതങ്ങളും നേരിടാൻ ഇറാൻ സജ്ജമാണെന്നും ഫതാലി വ്യക്തമാക്കി.
International
ടെഹ്റാൻ: ഇറാൻ തുറമുഖങ്ങൾ ഉപരോധിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, അമേരിക്കയിലെ ഇന്ധനവില വർധനയെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ്.
ഇപ്പോഴത്തെ ഇന്ധനവില ഭാവിയിൽ അമേരിക്കക്കാർക്ക് "മധുരമുള്ള ഓർമ' മാത്രമായി മാറുമെന്നും ഘാലിബാഫ് പരിഹസിച്ചു. അമേരിക്കയിലെ ഇപ്പോഴത്തെ പെട്രോൾ വിലയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ഘാലിബാഫ് എക്സിലൂടെ പ്രതികരണം നടത്തിയത്.
"ഇപ്പോഴത്തെ വിലയിൽ സന്തോഷിച്ചോളു. ഉപരോധം വരുന്നതോടെ 4-5 ഡോളറിന് ഇന്ധനം കിട്ടിയിരുന്ന കാലം ഓർമ മാത്രമാകും.' ഇറാൻ സ്പീക്കർ കുറിച്ചു. എണ്ണവിലയിലെ വർധന ലളിതമായ ഒന്നല്ലെന്നും അത് ആവർത്തിച്ചുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സൂചിപ്പിക്കാൻ ഒരു ഗണിതശാസ്ത്ര സമവാക്യവും അദ്ദേഹം പോസ്റ്റിനൊപ്പം ചേർത്തു.
പാക്കിസ്ഥാനിൽ നടന്ന ഇറാൻ-യുഎസ് വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെയാണ് ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതം തടയുമെന്നു ട്രംപ് പ്രഖ്യാപിച്ചത്. ഇറാനിലെ എല്ലാ തുറമുഖങ്ങളിലേക്കുമുള്ള കപ്പലുകൾ തടയുമെന്നു യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാൻ ഇതര തുറമുഖങ്ങളിലേക്കുള്ള കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കാമെങ്കിലും ഇറാനുമായി ബന്ധപ്പെട്ട ഗതാഗതത്തിനു പൂർണവിലക്ക് ഏർപ്പെടുത്താനാണു നീക്കം.
ഉപരോധ പ്രഖ്യാപനത്തിനു പിന്നാലെ രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയർന്നു. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് എണ്ണവില എട്ട് ശതമാനം വർധിച്ച് ബാരലിന് 104.50 ഡോളറിലെത്തി. രാജ്യാന്തര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് ഏഴ് ശതമാനം വർധിച്ച് 102 ഡോളറിലെത്തിയിട്ടുണ്ട്. ഈ സാഹചര്യം ഏഷ്യൻ ഓഹരി വിപണികളിലും ഇടിവുണ്ടാക്കാൻ കാരണമായി.
International
വാഷിംഗ്ടൺ ഡിസി: വൻതോതിലുള്ള ആക്രമണപരമ്പരകളിലൂടെ ഇറാന്റെ സൈനികശേഷിക്കു കനത്ത പ്രഹരമാണ് അമേരിക്ക ഏൽപ്പിച്ചതെന്നും വെടിനിർത്തലിനായി അവർ യാചിക്കുകയായിരുന്നുവെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്.
ഇറാന് അപമാനിതമായെന്നും പ്രായോഗികമായ മറ്റു വഴികളുണ്ടായിരുന്നില്ലെന്നും അതിനാലാണു വെടിനിർത്തലിനു തയാറായി ചർച്ചയ്ക്കു സന്നദ്ധമായതെന്നും വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ യുഎസ് പ്രതിരോധ സെക്രട്ടറി പറഞ്ഞു.
നേതൃത്വം ദുർബലപ്പെടുകയും സൈനികശേഷി ഇല്ലാതാകുകയും ചെയ്തതിനുശേഷമാണ് ഇറാൻ രണ്ടാഴ്ചത്തെ വെടിനിർത്തലിനു സമ്മതിച്ചത്. തങ്ങളെ കാത്തിരിക്കുന്ന വിധിയേക്കാൾ വളരെ മികച്ചതാണ് ഒരു കരാറിൽ എത്തിച്ചേരുകയെന്ന് ഭരണകൂടം മനസിലാക്കി. ഇറാന്റെ നേതൃത്വത്തെ ആസൂത്രിതമായി ഇല്ലാതാക്കാനായി.
ഇറാൻ ഒരിക്കലും ഒരു ആണവായുധവും കൈവശം വയ്ക്കില്ലെന്ന് വെടിനിർത്തൽ ഉറപ്പാക്കുന്നു. അവരുടെ വിധി നമ്മൾ നിയന്ത്രിക്കുന്നു, മറിച്ചല്ല. അതുകൊണ്ടാണ് അവർ ചർച്ചയ്ക്കു വന്നത്. ഇറാന്റെ സൈനിക ഉത്പാദനശേഷി തകർന്നു. ആ രാജ്യത്തിന് ഇനി മിസൈലുകൾ, റോക്കറ്റുകൾ, ഡ്രോണുകൾ എന്നിവ നിർമിക്കാൻ കഴിയില്ല.
വൻതോതിലുള്ള ആക്രമണപരമ്പരകളിലൂടെ ഇറാന്റെ സൈനികശേഷിക്കു കനത്ത പ്രഹരമാണ് യുഎസ് ഏൽപ്പിച്ചത്-പീറ്റ് ഹെഗ്സെത് പറഞ്ഞു. ചൊവ്വാഴ്ച രാത്രി മാത്രം ഇറാനിൽ 800 ആക്രമണങ്ങൾ നടത്തിയെന്നും ഇതുവഴി ഇറാന്റെ പ്രതിരോധ വ്യാവസായിക അടിത്തറ തകർത്തുവെന്നും ഫാക്ടറികൾ നിലംപരിശാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
International
ഇസ്ലാമാബാദ്: ഹോർമൂസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച് ഇറാന് നൽകിയ അന്ത്യശാസനം രണ്ടാഴ്ച കൂടി നീട്ടി നൽകണമെന്ന ആവശ്യവുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്.
"മധ്യപൂർവദേശത്ത് നടന്നുകൊണ്ടിരിക്കുന്ന യുദ്ധം സമാധാനപരമായി പരിഹരിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഈ ശ്രമങ്ങൾക്ക് ഫലം കൈവരിക്കാൻ കഴിയും. നയതന്ത്രം നടക്കുന്നതിനായി സമയപരിധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ ഞാൻ പ്രസിഡന്റ് ട്രംപിനോട് ആത്മാർത്ഥമായി അഭ്യർഥിക്കുന്നു'.-ഷഹബാസ് ഷെരീഫ് എക്സിൽ കുറിച്ചു.
അതേ കാലയളവിൽ ഹോർമുസ് കടലിടുക്ക് തുറക്കണമെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രി ട്രംപിനോട് അഭ്യർഥിച്ചു.
ഇറാൻ നാഗരികതയെ ഇന്ന് രാത്രി ഇല്ലാതാക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇറാന്റെ മുഴുവൻ നാഗരികതയും ഇന്ന് രാത്രി മരിക്കും, അവർ ഒരിക്കലും തിരിച്ചുവരില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അങ്ങനെ സംഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ഇന്ന് അത് സംഭവിക്കാൻ സാധ്യതയുണ്ട്. ഇറാനിൽ സമ്പൂർണവുമായ ഭരണമാറ്റം സംഭവിച്ചു. എങ്കിലും അത്ഭുതകരമായ എന്തെങ്കിലും ഒന്ന് സംഭവിക്കാം. ലോക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായി ഇന്ന് രാത്രി മാറും. 47 വർഷത്തെ കൊള്ള, അഴിമതി, കൊലപാതകം എന്നിവ അവസാനിക്കും.-ട്രംപ് കുറിച്ചു.
International
വെല്ലിംഗ്ടൺ: ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് യുഎസ് ഭീഷണി അംഗീകരിക്കാനാവില്ലെന്നു ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ.
നിലവിൽ മേഖലയിൽ കൂടുതൽ സൈനിക നടപടി ആവശ്യമില്ല. സംഘർഷം കൂടുതൽ വ്യാപിക്കാതിരിക്കാനാണു ലോകം ശ്രദ്ധ നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിലെ ജലസംഭരണികൾ, പാലങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ തർക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി.
ഒരു രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കുമേൽ ബോബിടുന്ന നടപടിയെ ഒരുകാരണവശാലും ന്യായീകരിക്കാനാവില്ലെന്നും ക്രിസ്റ്റഫർ ലക്സൺ പറഞ്ഞു.
International
ടെഹ്റാൻ: ചൊവ്വാഴ്ചയ്ക്കു മുമ്പു ഹോർമുസ് കടലിടുക്ക് സ്വതന്ത്രമാക്കിയില്ലെങ്കിൽ ഇറാനെ തരിപ്പണമാക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി അവജ്ഞയോടെ തള്ളി ഇറാൻ. ആക്രമണത്തിനു ശ്രമിച്ചാൽ കനത്ത തിരിച്ചടി നൽകുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ ഇസ്രയേലിലെ ഹൈഫയിൽ വൻ ആക്രമണവും നടത്തി.
പത്തു തവണ ഹൈഫയിൽ ആക്രമണം നടന്നതായിട്ടാണ് മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്. ഇവിടെ ഒരു പാർപ്പിട സമുച്ചയത്തിൽ ഇറേനിയൻ മിസൈൽ പതിച്ചു രണ്ടു പേർ കൊല്ലപ്പെട്ടു. നാലു പേർക്കു പരിക്കേറ്റു. രണ്ടു പേരെകൂടി കണ്ടെത്താനുണ്ട്.
ഗൾഫിൽ ആക്രമണം തുടരുന്നു
ഗൾഫ് മേഖലയിലുടനീളവും ഇറാന്റെ ആക്രമണം തുടരുകയാണ്. കുവൈറ്റിലെ വൈദ്യുതി, ജലശുദ്ധീകരണ പ്ലാന്റുകൾക്കും എണ്ണ പ്ലാന്റുകൾക്കും നേരെയും ബഹ്റിനിലെ ഒരു എണ്ണക്കമ്പനിക്കു നേരെയുമാണ് ആക്രമണമുണ്ടായത്.
ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ഇറാനിലെ പവർ പ്ലാന്റുകൾക്കും പാലങ്ങൾക്കും നേരെ കടുത്ത ആക്രമണം നടത്തുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. എന്നാൽ, ഇതു വകവയ്ക്കാതെയാണ് ഇറാന്റെ പുതിയ പ്രകോപനങ്ങൾ. തങ്ങളെ ആക്രമിച്ചാൽ ഗൾഫ് രാജ്യങ്ങളിലെ പാലങ്ങളും എണ്ണപ്ലാന്റുകളും തകർക്കുമെന്നാണ് അവർ മറുഭീഷണി മുഴക്കിയിരിക്കുന്നത്.
ഇതിനിടെ, ഇറാനിൽ യുഎസ്-ഇസ്രായേൽ ആക്രമണവും രൂക്ഷമായി. 12 നഗരങ്ങളിലെങ്കിലും ആക്രമണങ്ങൾ നടന്നു. ടെഹ്റാനിലെ ബഹാരെസ്താൻ കൗണ്ടിയിൽ മാത്രം 13 പേർ കൊല്ലപ്പെട്ടു.
ടെഹ്റാൻ പ്രവിശ്യയിൽ രാത്രിയിൽ നടന്ന യുഎസ്-ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ 10 വയസിൽ താഴെയുള്ള നാലു പെൺകുട്ടികളും രണ്ട് ആൺകുട്ടികളും കൊല്ലപ്പെട്ടതായി ഇറാന്റെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
പിന്തുണയുമായി യുഎഇ
ഹോർമുസ് കടലിടുക്കിന്റെ കാര്യത്തിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ അടിയന്തരമായി ഇടപെടണമെന്ന ബഹ്റിന്റെ ആവശ്യത്തിനു യുഎഇ തിങ്കളാഴ്ച
പിന്തുണ അറിയിച്ചു. ഇതൊരു പ്രാദേശിക പ്രശ്നം മാത്രമല്ലെന്നും ആഗോള സുസ്ഥിരതയ്ക്കു നേരിട്ടുള്ള ഭീഷണിയാണെന്നും ബഹ്റിൻ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പറഞ്ഞു.
നടപടികളില്ലാതെ കടന്നുപോകുന്ന ഓരോ ദിവസവും ലോകം വലിയൊരു പ്രതിസന്ധിയിലേക്ക് അടുക്കുന്നു, ഇതിന്റെ ഏറ്റവും കഠിനമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുന്നത് ഗ്ലോബൽ സൗത്ത് (വികസ്വര) രാജ്യങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
International
ടെഹ്റാൻ: പീപ്പിൾസ് മുജാഹിദ്ദീൻ ഓർഗനൈസേഷൻ ഓഫ് ഇറാൻ (പിഎംഒഐ) എന്ന പ്രതിപക്ഷ സംഘടനയുമായി ബന്ധമുള്ള രണ്ടുപേരുടെ വധശിക്ഷ ഇന്നലെ നടപ്പാക്കിയതായി ഇറേനിയൻ വൃത്തങ്ങൾ അറിയിച്ചു.
ആയുധങ്ങളുമായി ആക്രമണം നടത്തിയതിന് 2024 ജനുവരിയിൽ അറസ്റ്റിലായതാണ് ഇവർ.
രാഷ്ട്രീയത്തടവുകാരെ ഇല്ലായ്മ ചെയ്യുന്നതിലൂടെ ഇറാന്റെ ദുർബലതയാണ് വെളിവാകുന്നതെന്ന് പിഎംഒഐ പ്രതികരിച്ചു.
ഏതാനും ദിവസങ്ങൾ മുന്‍പ് പിഎംഒഐയിലെ നാല് അംഗങ്ങളെ ഇറേനിയൻ ഭരണകൂടം വധശിക്ഷയ്ക്കു വിധേയരാക്കിയിരുന്നു.
International
ടെഹ്റൻ: തകർന്നുവീണ അമേരിക്കൻ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തി കൈമാറുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാനിയൻ വാർത്താ ചാനൽ.
"ഇന്ന് രാവിലെ തകർന്നുവീണ അമേരിക്കൻ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്താൻ സൈന്യം തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കോഹ്ഗിലുയെയിലെയും ബോയർ-അഹ്മദ് പ്രവിശ്യയിലെയും പ്രിയപ്പെട്ടവരും ബഹുമാന്യരുമായ ജനങ്ങളേ, ശത്രു പൈലറ്റിനെ ജീവനോടെ പിടികൂടി പോലീസിനും സൈനിക സേനയ്ക്കും കൈമാറുകയാണെങ്കിൽ, നിങ്ങൾക്ക് വിലപ്പെട്ട ഒരു പ്രതിഫലവും ബോണസും ലഭിക്കും.'-എന്നാണ് ചാനൽ അവതാരകൻ വായിച്ചത്.
15,500 ചതുരശ്ര കിലോമീറ്ററിലധികംവ്യാപിച്ചുകിടക്കുന്ന പർവതപ്രദേശമാണ് കോഗിലുയെ, ബോയർ-അഹ്മദ് പ്രവിശ്യകൾ. അയൽപ്രവശ്യകളായ ചഹാർമഹൽ, ബക്തിയാരി എന്നിവിടങ്ങളിൽ തിരച്ചിൽ നടത്താനും ഇറാനിയൻ അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വിമാനം തകർന്നുവീണ ഉടൻതന്നെ പൈലറ്റിനെ പിടികൂടാൻ ജനങ്ങൾ കാറുകളിൽ സ്ഥലത്തേക്ക് പോയിരുന്നു. എന്നാൽ, പൈലറ്റിനോട് മോശമായി പെരുമാറാൻ ആരെയും അനുവദിക്കരുതെന്ന് ഇറാൻസേന പൊതുജനങ്ങളോട് അഭ്യർഥിച്ചു.
NRI
ടെഹ്റാൻ: ഇറാനിൽ ഇന്റേൺഷിപ്പിനുപോയ യുവാവ് വീട്ടിലേക്ക് വിളിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് ഇടുക്കി ഉപ്പുതറ ആലടി ആഞ്ഞിലിമൂട്ടിൽ സജന്റെ മകൻ ജെറിൻ ജോസഫ് വീട്ടിലേക്ക് ഫോൺ വിളിച്ചത്.
ഞങ്ങൾ കപ്പലിൽ സുരക്ഷിതരാണ്, ഇറാനിലെ ബുഷാർ എന്ന സ്ഥലത്താണുള്ളത് എന്നാണ് ജെറിൻ മാതാപിതാക്കളോട് പറഞ്ഞത്. മർച്ചന്റ് നേവി കോഴ്സ് കഴിഞ്ഞ് 2025 ജൂലൈ 27നാണ് ജെറിൻ ഇന്റേൺഷിപ്പിനായി ഇറാനിലേക്ക് പോയത്.
അന്നു മുതൽ മിക്കവാറും ദിവസം വീട്ടിലേക്ക് വിളിച്ചിരുന്നു. ഇറാൻ - ഇസ്രയേൽ - അമേരിക്ക യുദ്ധം തുടങ്ങിയതോടെ ജെറിന് വീട്ടുകാരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല.
ഫെബ്രുവരി 27ന് രാവിലെ 11.13നാണ് അവസാനമായി ജെറിന്റെ സന്ദേശം വീട്ടുകാർക്ക് കിട്ടിയത്. യുദ്ധം പ്രശ്നമാണെന്നും പിറ്റേന്നു വിളിക്കാം എന്നുമായിരുന്നു സന്ദേശം.
എന്നാൽ, പിന്നീട് വിളിക്കുകയോ, സന്ദേശമയയ്ക്കുകയോ ചെയ്തില്ല. അങ്ങോട്ട് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിനും കഴിഞ്ഞില്ല. ഇതോടെ വീട്ടുകാർ ആശങ്കയിലായിരുന്നു.
ഇന്റേൺഷിപ്പിന് അയച്ച ചെന്നൈ രുദ്രാക്ഷ മർച്ചന്റ് നേവി ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടു. അവർ സുരക്ഷിതരാണ് എന്ന മറുപടി മാത്രമാണ് അവിടെനിന്നു കിട്ടിയത്.
അതിനുശേഷം 35-ാം ദിവസം മകനുമായി സംസാരിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ജെറിന്റെ മാതാപിതാക്കൾ.
International
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള യുദ്ധം വളരെ വേഗം അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രണ്ട് മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ ഒരു തീരുമാനമുണ്ടാകുമെന്ന സൂചനയും ട്രംപ് നൽകി.
ഞങ്ങൾ യുദ്ധത്തിന്റെ അവസാന ഘട്ടത്തിലാണ്. ഏകദേശം രണ്ടാഴ്ചയ്ക്കുള്ളിലോ അല്ലെങ്കിൽ കുറച്ചു ദിവസങ്ങൾ കൂടി എടുത്തോ ഈ ദൗത്യം പൂർത്തിയാക്കുമെന്നും ട്രംപ് പറഞ്ഞു. യുദ്ധം അവസാനിച്ചാൽ ഇന്ധനവില കുത്തനെ കുറയുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കത്തിന് സുരക്ഷയൊരുക്കാൻ ഇനി മറ്റു രാജ്യങ്ങൾ മുൻകൈ എടുക്കണമെന്നും അമേരിക്കയുടെ താൽപര്യങ്ങൾ മാത്രമാണ് തനിക്ക് പ്രധാനമെന്നും ട്രംപ് വ്യക്തമാക്കി.
വരുംദിവസങ്ങൾ നിർണായകമാണെന്നും മറ്റ് സഖ്യകക്ഷികൾ സ്വന്തം സുരക്ഷയ്ക്കായി പോരാടാൻ ശീലിക്കണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
International
കുവൈത്ത് സിറ്റി: ഇറാന്റെ മിസൈൽ ആക്രമണത്തിൽ കുവൈറ്റിൽ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം ഉടൻ ഇന്ത്യയിലെത്തിക്കും. തമിഴ്നാട് രാമനാഥപുരം ജില്ലയിലെ കൊളത്തൂർ സ്വദേശിയായ സന്താന ശെൽവം (40) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിലെ കരാർ ജീവനക്കാരനാണ് ഇദ്ദേഹം.
ശുഐബയിലെ ജല ശുദ്ധീകരണ പ്ലാന്റിനു നേരെ തിങ്കളാഴ്ച പുലർച്ചെയോടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ കെട്ടിടങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും കാര്യമായ കേടു പാടുകൾ സംഭവിച്ചതായും ജല വൈദ്യുതി മന്ത്രാലയം അറിയിച്ചു.
സന്താന ശെൽവം മരിച്ച സംഭവത്തിൽ എംബസി അഗാധമായ ദുഃഖം രേഖപ്പെടുത്തി. യുവാവിന്റെ കുടുംബത്തോടുള്ള അനുശോചനം എംബസി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
International
ടെഹ്റാൻ: ഊർജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉറപ്പ് ലംഘിച്ചുകൊണ്ട് ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലിന്റെ മിസൈൽ ആക്രമണം. ഇറാന്റെ പ്രധാന ആണവ കേന്ദ്രമായ അരക് ഉൾപ്പെടെയുള്ള രണ്ട് ആണവ നിലയങ്ങൾക്കും രണ്ട് വൻകിട സ്റ്റീൽ പ്ലാന്റുകൾക്കും നേരെയാണ് ആക്രമണമുണ്ടായത്.
ഇറാന്റെ ഊർജ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് ഏപ്രിൽ ആറ് വരെ നീട്ടിവയ്ക്കുമെന്ന് ട്രംപ് ഉറപ്പുനൽകിയിരുന്നു. സമാധാന ചർച്ചകൾ പുരോഗമിക്കുന്നു എന്ന് ട്രംപ് അവകാശപ്പെടുമ്പോഴാണ് ഇസ്രായേൽ ഈ ആക്രമണം നടത്തിയത്. ആക്രമണത്തെത്തുടർന്ന് മേഖലയിൽ ആണവ വികിരണം ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇത് ലോകരാജ്യങ്ങളെ വലിയ ആശങ്കയിലാക്കുന്നു.
ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചി വ്യക്തമാക്കി. സൗദിയിലെ അമേരിക്കൻ കേന്ദ്രമായ പ്രിൻസ് സുൽത്താൻ എയർ ബേസും ടാങ്കർ വിമാനങ്ങളും ഇറാൻ ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ടുകൾ.
International
ടെഹ്റാൻ: ഇറാനിലെ ബുഷെഹർ ആണവനിലയം ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രയേലും ആക്രമണം നടത്തി. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ആണവനിലയത്തിന് സാങ്കേതിക നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല.
പ്ലാന്റിന്റെ പരിസരത്ത് ഒരു പ്രൊജക്ടൈൽ പതിച്ചതായി ഇറാൻ അന്താരാഷ്ട്ര ആണവോർജ ഏജൻസി അറിയിച്ചു. പ്ലാന്റിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും പ്രവർത്തനങ്ങൾ സാധാരണ നിലയിലാണെന്നും ജീവനക്കാർക്ക് പരിക്കേറ്റതായി ഇറാൻ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഐഎഇഎ പറഞ്ഞു.
അതേസമയം സമീപ ദിവസങ്ങളിൽ ആണവ കേന്ദ്രത്തിന് സമീപം നടന്ന രണ്ടാമത്തെ ആക്രമണമാണിത്.
International
വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കുന്നുവെന്ന സൂചനകളുമായി വീണ്ടും അമേരിക്ക. ആണവായുധം നിർമിക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകിയെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു.
യുദ്ധം വിജയിച്ചുവെന്നും ഇറാനുമായി സമാധാന കരാർ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി.
ഇറാനുമായുള്ള ചർച്ചകൾ തുടരുകയാണെന്നും കരാറുണ്ടാക്കാൻ ഇറാൻ അതിയായി ആഗ്രഹിക്കുന്നുണ്ട്. ഇറാനിൽ പുതിയൊരു സംഘം നേതാക്കൾ ഉദയം ചെയ്തുവെന്നും അവരാണ് കരാർ ഉണ്ടാക്കാൻ പോകുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം അമേരിക്കൻ ഡിമാൻഡുകൾ അംഗീകരിക്കാൻ ഇറാൻ തയാറാവില്ലെന്നാണ് ഇസ്രേലി അനുമാനമെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥർ പറഞ്ഞു.
International
ടെഹ്റാൻ: ദേശസുരക്ഷ അപകടത്തിലാക്കുന്ന ഇന്റർനെറ്റ് പ്രവർത്തനങ്ങൾ ചെയ്തുവെന്നു കണ്ടെത്തിയ 466 പേരെ അറസ്റ്റ് ചെയ്തതായി ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുഎസ്-ഇസ്രേലി ആക്രമണം ആരംഭിച്ചശേഷം ഇറാനിൽ ഏറ്റവും കൂടുതൽ പേർ അറസ്റ്റിലാകുന്ന സംഭവമാണിത്.
ദേശദ്രോഹ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആയിരത്തിലധികം പേർ ഈ മാസം ഇറാനിൽ അറസ്റ്റിലായിട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: ഇറാനിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അഞ്ച് ദിവസത്തേയ്ക്കാണ് നിയന്ത്രിത വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്.
അമേരിക്കയും ഇറാനും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ചർച്ചകൾ വളരെ ഫലപ്രദമായിരുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് താത്കാലിക വെടിനിർത്തൽ ട്രംപ് പ്രഖ്യാപിച്ചത്.
അഞ്ച് ദിവസത്തേക്ക് ഇറാനിലെ ഊർജോത്പാദന കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് ട്രംപ് ഉറപ്പ് നൽകി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രഖ്യാപനം.
ഇറാനുമായി തുടരുന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ ഇറാന്റെ പവർ പ്ലാന്റുകൾക്കും ഊർജ്ജ പശ്ചാത്തല സൗകര്യങ്ങൾക്കും എതിരായ എല്ലാ സൈനിക ആക്രമണങ്ങളും അഞ്ച് ദിവസത്തേക്ക് നിർത്തിവച്ചതായി സേനകൾക്ക് നിർദ്ദേശം നൽകിയെന്നും ട്രംപ് വ്യക്തമാക്കി.
International
ദുബായ്: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം 1970-കളിലേക്കാൾ വലിയൊരു ഊർജ പ്രതിസന്ധിയിലേക്കു ലോകത്തെ എത്തിക്കുമെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസി (ഐഇഎ) മേധാവി ഫാത്തി ബിറോൾ. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ സ്ഫോടനങ്ങൾ തുടരുന്നതിനിടെയാണ് ബിറോളിന്റെ മുന്നറിയിപ്പ്.
ഓസ്ട്രേലിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ബിറോൾ. അമേരിക്കൻ-ഇസ്രയേൽ ആക്രമണത്തെത്തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് ഉപരോധിച്ചതാണു നിലവിലെ കടുത്ത പ്രതിസന്ധിയുടെ കാരണം. 48 മണിക്കൂറിനുള്ളിൽ ഉപരോധം പിൻവലിച്ചില്ലെങ്കിൽ ഇറാന്റെ ഊർജകേന്ദ്രങ്ങൾ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അന്ത്യശാസനം നൽകിയിട്ടുണ്ട്.
യുദ്ധം ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായി. ബ്രെന്റെ ക്രൂഡ് ഓയിലിനു നിലവിൽ ബാരലിന് 111 ഡോളറിനു മുകളിലാണു വില. യുദ്ധം തുടങ്ങുന്ന സമയത്ത് 70 ഡോളറായിരുന്ന എണ്ണവില കഴിഞ്ഞ ആഴ്ച 119 ഡോളർ വരെ എത്തിയിരുന്നു. ഉത്പാദനത്തെയും കപ്പൽ ഗതാഗതത്തെയും യുദ്ധം സാരമായി ബാധിച്ചിട്ടുള്ളതിനാൽ വരും ദിവസങ്ങളിലും വിപണിയിൽ വലിയ അനിശ്ചിതത്വം തുടരുമെന്നാണു വിലയിരുത്തൽ.
അതേസമയം, ഇറാൻ തൊടുത്തുവിട്ട മിസൈലുകൾ ദക്ഷിണ ഇസ്രയേലിലെ ജനവാസകേന്ദ്രങ്ങളിൽ പതിച്ചു. ഇസ്രയേലിന്റെ പ്രധാന ആണവഗവേഷണ കേന്ദ്രത്തിനു സമീപമുണ്ടായ ആക്രമണത്തിൽ 160ലേറെ പേർക്കു പരിക്കേറ്റതായാണ് റിപ്പോർട്ട്.
നാലാം വാരത്തിലേക്കു കടക്കുന്ന യുദ്ധത്തിൽ ഇറാനിൽ 1,500-ലധികം പേരും ലെബനനിൽ ആയിരത്തോളം പേരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. യുഎസ് സൈനികരും ഇസ്രയേൽ പൗരന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്തിട്ടുണ്ട്.
National
ന്യൂഡൽഹി: ഇറാനെതിരേയുള്ള യുഎസ്-ഇസ്രയേൽ ആക്രമണം തുടങ്ങി മൂന്നാഴ്ച പിന്നിട്ടിട്ടും ആക്രമണങ്ങളെ അപലപിക്കാത്ത മോദിസർക്കാരിനെ വിമർശിച്ചു കോണ്‍ഗ്രസ്.
ആക്രമണങ്ങളെ അപലപിക്കുന്ന തരത്തിൽ പ്രസ്താവനകൾ നടത്താത്ത മോദിസർക്കാരിന്റേതു ഇന്ത്യയുടെ സാംസ്കാരികമൂല്യങ്ങളോടുള്ള വഞ്ചനയാണെന്നും ധാർമികമായ ഭീരുത്വമാണെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആരോപിച്ചു.
ഇറാനെതിരേയുള്ള യുഎസ്-ഇസ്രയേൽ ആക്രമണം ആരംഭിച്ചിട്ട് 21 ദിവസമായി.ആക്രമണം ഇന്ത്യയുൾപ്പെടെയുള്ള എല്ലായിടത്തും സാന്പത്തിക തകർച്ചയ്ക്കു കാരണമായിട്ടുണ്ട്. ഇറാനിലെ ഉന്നതനേതാക്കളെ ലക്ഷ്യം വച്ചുള്ള കൊലപാതകങ്ങളെയും ഇറാനിൽ നിർബന്ധിതമായി ഭരണമാറ്റം കൊണ്ടുവരുന്നതിനു നടത്തിയ ക്രൂരമായ ശ്രമങ്ങളെയും മോദിസർക്കാർ അപലപിക്കുകയോ വിമർശിക്കുകയോ ചെയ്തിട്ടില്ല.
ഇറാനെതിരേയുള്ള ആക്രമണങ്ങളും ഇറാൻ ഗൾഫ് രാജ്യങ്ങളിലെ ഊർജമേഖലയിൽ നടത്തിയ ആക്രമണങ്ങളും ഉടനടി തടയാൻ ഗൗരവമായ നയതന്ത്രശ്രമങ്ങൾ മോദിസർക്കാർ നടത്തിയിട്ടില്ല.
യുഎസ് പ്രസിഡന്റുമായും ഇസ്രയേൽ പ്രധാനമന്ത്രിയുമായും പ്രധാനമന്ത്രിക്ക് ഉണ്ടെന്നു വലിയരീതിയിൽ അവകാശപ്പെടുന്ന സൗഹൃദം വെടിനിർത്തൽ കൊണ്ടുവരാനായി ഉപയോഗിച്ചിട്ടില്ലെന്നും ജയ്റാം രമേശ് കുറ്റപ്പെടുത്തി.
International
ലണ്ടൻ: ഇറാനെതിരായ ആക്രമണങ്ങൾക്ക് ബ്രിട്ടീഷ് സൈനികതാവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയ്ക്ക് അനുമതി ലഭിച്ചു. വെള്ളിയാഴ്ച ചേർന്ന ബ്രിട്ടീഷ് മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.
ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളെ ആക്രമിക്കാൻ ഇറാൻ സജ്ജമാക്കിയിട്ടുള്ള മിസൈലുകൾ നശിപ്പിക്കാൻ മാത്രമാണ് അനുമതിയെന്നാണ് ബ്രിട്ടീഷ് വൃത്തങ്ങൾ വിശദീകരിച്ചത്.
ഇന്ത്യൻ മഹാസമുദ്രത്തിലെ ഡിയേഗോ ഗാർസിയ ദ്വീപിലുള്ള ബ്രിട്ടീഷ്-യുഎസ് സൈനിക താവളത്തിൽനിന്ന് ഇനി ഇറാനു നേർക്ക് ആക്രമണം നടത്താൻ അമേരിക്കയ്ക്കു കഴിയും.
ബ്രിട്ടന്റെ തീരുമാനത്തെ ഇറാൻ വിമർശിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ ബ്രിട്ടീഷുകാരുടെ ജീവൻ അപകടത്തിലാക്കിയെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അരാഗ്ചി പറഞ്ഞു.
ഇറാനെതിരേ അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണത്തിൽ പങ്കുചേരാൻ സ്റ്റാർമർ മുന്‍പ് വിസമ്മതിച്ചിരുന്നതാണ്. പശ്ചിമേഷ്യയിലെ ബ്രിട്ടീഷ് സൈനിക താവളങ്ങളെ ഇറാൻ ആക്രമിച്ചതിനെത്തുടർന്ന് സ്റ്റാർമറിന് മനംമാറ്റമുണ്ടാവുകയായിരുന്നു.
International
മോസ്കോ: ഇറാനൊപ്പം റഷ്യ ഉണ്ടെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിൻ. പേർഷ്യൻ പുതുവത്സരത്തോടനുബന്ധിച്ച് ഇറാനു നല്കിയ സന്ദേശത്തിലാണ് പുടിൻ ഇതു പറഞ്ഞത്.
ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തൊള്ള മൊജ്തബ ഖമനയ്ക്കും പ്രസിഡന്റ് മസൂദ് പസെഷ്കിയാനും പുടിൻ അഭിനന്ദനം അറിയിച്ചു. യുഎസ്-ഇസ്രേലി ആക്രമണം പശ്ചിമേഷ്യയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചെന്നും ആഗോള ഊർജ പ്രതിസന്ധിക്കു കാരണമായെന്നും പുടിൻ ആരോപിച്ചു.
ഇതിനിടെ ഇറാന് ഇന്റിലജൻസ് വിവരങ്ങൾ നല്‍കുന്നത് അവസാനിപ്പിക്കാൻ തയാറാണെന്ന് റഷ്യ അമേരിക്കയെ അറിയിച്ചതായി റിപ്പോർട്ടുണ്ട്.
ഇതിനു പകരമായി, റഷ്യക്കെതിരായ ഇന്റലിജൻസ് വിവരങ്ങൾ യുക്രെയ്നു നല്‍കുന്നത് അമേരിക്ക നിർത്തണമെന്നാവശ്യപ്പെട്ടു. അമേരിക്ക ഈ നിർദേശം തള്ളിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് വ്യാജമാണെന്ന് റഷ്യ പ്രതികരിച്ചു.
International
ടെഹ്റാൻ: ഇറാനെതിരെ ആക്രമണം തുടർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് പരമോന്നത നേതാവ് മുജ്തബ ഖംനഇ. അതേസമയം കഴിഞ്ഞ രാത്രിയിൽ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന് ഡ്രോണുകൾ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്.
ദുബായിലും സൗദിയിലും കുവൈറ്റിന്റെ വിവിധ മേഖലകളിലും ആക്രമണമുണ്ടായി. തുർക്കിയിലേക്കും ഒമാനിലേക്കും ആക്രമണം നടത്തിയത് ഇറാനല്ലെന്നും ഇവ ഇസ്രയേൽ നടത്തിയ ആൾമാറാട്ട ആക്രമണമാണെന്നും മുജ്തബ ഖംനഇ വ്യക്തമാക്കി.
തലമുതിർന്ന നേതൃത്വത്തെ വധിച്ചാൽ ജനങ്ങളെ ഭയപ്പെടുത്താമെന്ന ശത്രുക്കളുടെ മോഹം തകർന്നുപോയെന്നും മുജ്തബ ഖംനഇയുടെ പ്രസ്താവനയിലുണ്ട്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഇടയിൽ സമാധാനത്തിന് മുൻകൈയെടുക്കാമെന്ന പുതിയ വാഗ്ദാനവും ശ്രദ്ധേയമാണ്.
അതേസമയം അമേരിക്കയ്ക്ക് താവളങ്ങൾ വിട്ടുനൽകിയ യുകെ പൗരന്മാരുടെ ജീവൻ അപകടത്തിലാക്കുകയാണെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. യുദ്ധം തങ്ങൾ ജയിച്ചു കഴിഞ്ഞെന്ന അമേരിക്കൻ അവകാശവാദത്തെയും ഇറാൻ പരിഹസിച്ചു.
അമേരിക്ക അവകാശപ്പെട്ടതല്ല സംഭവിക്കുന്നതെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. ഇറാന്റെ വ്യോമപ്രതിരോധം തകർന്നെന്ന് അമേരിക്ക അവകാശപ്പെട്ട ശേഷമാണ് എഫ്-35 വിമാനം ഇറാൻ വീഴ്ത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.